BUSINESS
‘ഫോബ്സ് 30 അണ്ടർ 30 ഏഷ്യ’ ലിസ്റ്റിൽ കേരളത്തിന്റെ ‘ഡ്രോൺമാൻ’, ഫെമിസേഫ് സ്ഥാപക നൗറീനും പട്ടികയിൽ, അഭിമാനമായി മലയാളി സംരംഭകർ

കൊച്ചി ∙ കേരളത്തിൽ പിറന്ന കാർഷിക ഡ്രോണുകൾ കടലുകൾക്കപ്പുറം കാനഡയിലെയും നൈജീരിയയിലെയും റുവാണ്ടയിലെയും വയലേലകൾക്കു മുകളിൽ പറത്തിയ അഗ്രി സ്റ്റാർട്ടപ് ഫ്യൂസലേജ് ഇന്നവേഷൻസ് സ്ഥാപകൻ ദേവൻ ചന്ദ്രശേഖരൻ വിഖ്യാതമായ ‘ഫോബ്സ് 30 അണ്ടർ 30 ഏഷ്യ’ സംരംഭക പട്ടികയിൽ.30 വയസ്സിനു താഴെയുള്ള 30 ഏഷ്യൻ സംരംഭകരുടെയും വിവിധ മേഖലകളിലെ പ്രതിഭകളുടെയും പട്ടികയിലാണു ദേവൻ ഇടം നേടിയത്. ഇൻഡസ്ട്രി, മാനുഫാക്ചറിങ്, എനർജി വിഭാഗത്തിലാണു അദ്ദേഹം ഉൾപ്പെട്ടത്. ‘‘അഗ്രി ഡ്രോൺ സാങ്കേതികവിദ്യ, അവയുടെ നിർമാണം, കാർഷിക സാങ്കേതികവിദ്യകൾ, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിൽ ഫ്യൂസലേജിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ നേട്ടത്തെ കരുതുന്നു’’ – നേട്ടത്തെക്കുറിച്ചു ദേവൻ പറയുന്നു.സ്മാർട് കൃഷികളമശേരിയിലെ മേക്കർ വില്ലേജ് ആസ്ഥാനമായി 2020ൽ ആരംഭിച്ച ഫ്യൂസലേജ്, ഡ്രോൺ ഉൾപ്പെടെയുള്ള അത്യാധുനിക കൃഷി സാങ്കേതിക വിദ്യകളുമായാണു കടൽ കടന്നത്. ആലപ്പുഴ സ്വദേശിയായ ദേവനും സഹോദരി ദേവിക ചന്ദ്രശേഖരനും ചേർന്നാണു സ്റ്റാർട്ടപ് സ്ഥാപിച്ചത്. ദേവികയാണു ഡയറക്ടർ. അതുൽ ചന്ദ്രൻ ചീഫ് ടെക്നിക്കൽ ഓഫിസറും. കുട്ടിക്കമ്പനിയിൽ നിന്നു ഫ്യൂസലേജ് 54 അംഗ ടെക് സംഘമായി വളർന്നു കഴിഞ്ഞു. ആധുനിക കാർഷിക രീതിയായ ‘പ്രിസിഷൻ ഫാമിങ്’ അടിസ്ഥാനമാക്കിയാണു ഫ്യൂസലേജ് ഡ്രോണുകൾ വികസിപ്പിച്ചത്. കീടനാശിനി തളിക്കുക മാത്രമല്ല, നിർമിത ബുദ്ധി അധിഷ്ഠിത ഡ്രോണുകൾ ഉപയോഗിച്ചു കാർഷിക വിളകളുടെ പരിപാലനവും ഉൽപാദനവും ശാസ്ത്രീയമായി മെച്ചപ്പെടുത്തുകയാണു ചെയ്യുന്നത്.ലക്ഷ്യം അമേരിക്കയുംഇന്ത്യയിൽ ഉടനീളം സാങ്കേതിക സേവനങ്ങൾ ഫ്യുസലേജ് നൽകുന്നുണ്ട്. കാനഡയിലേക്കുള്ള പ്രവേശനം ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടാനും ഫ്യൂസലേജിനെ സഹായിച്ചു. അതിനു പിന്നാലെയാണ് ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിലേക്കും റുവാണ്ടയിലേക്കും ഫ്യൂസലേജിന്റെ ഡ്രോൺ സേവനങ്ങൾ വ്യാപിച്ചത്. ഗൾഫ് രാജ്യങ്ങളും യുഎസും യുകെയും ജർമനിയുമാണു ദേവന്റെയും സംഘത്തിന്റെയും അടുത്ത ലക്ഷ്യം.
Source link


