NEWS

വിമാനത്തിൽ പിണറായി വിജയനെതിരായ പ്രതിഷേധം: കേന്ദ്രം പറഞ്ഞത് നടപ്പായി; പ്രതികൾക്ക് ആശ്വാസമേകി പൊലീസ് റിപ്പോർട്ട്

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധക്കേസിൽ നിർണായക വഴിത്തിരിവ്. പ്രതികൾക്കെതിരെ ചുമത്തിയിരുന്ന വ്യോമയാന നിയമപ്രകാരമുള്ള വകുപ്പുകൾ പൊലീസ് ഒഴിവാക്കി. വലിയതുറ പൊലീസ് സമർപ്പിച്ച പുതിയ റിപ്പോർട്ട് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് നാല് വർഷങ്ങൾക്ക് ശേഷമാണ് നാടകീയ നീക്കം. എന്നാൽ, പ്രതികൾക്കെതിരെയുള്ള വധശ്രമം, ഗൂഢാലോചന തുടങ്ങിയ മറ്റ് കുറ്റങ്ങൾ നിലനിൽക്കും.

പ്രതിഷേധക്കാർക്കെതിരെ വ്യോമയാന വകുപ്പ് നിലനിൽക്കില്ലെന്ന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം നേരത്തെ തന്നെ സംസ്ഥാനത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ അന്ന് കേന്ദ്ര നിർദ്ദേശം തള്ളിയ സംസ്ഥാന ആഭ്യന്തരവകുപ്പ്, ഇത് നിലനിർത്താൻ നിർബന്ധം പിടിക്കുകയായിരുന്നു. ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ് പൊലീസ് നിലപാട് മാറ്റിയതും വ്യോമയാന വകുപ്പ് ഒഴിവാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തത്.

കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് മുൻ മുഖ്യമന്ത്രി യാത്ര ചെയ്ത വിമാനം ലാൻഡ് ചെയ്തതിന് തൊട്ടുപിന്നാലെ യൂത്ത് കോൺഗ്രസ് നേതാക്കൾ പിണറായി വജയനെതിരെ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന് നിരീക്ഷിച്ചപ്പോഴാണ് അന്ന് വ്യോമയാന വകുപ്പുകൾ കൂടി ചേർത്ത് കേസെടുത്തതത്. ഫർസീൻ മജീദ്, നവീൻ കുമാർ, സുധീപ് ജെയിംസ്, കെ.എസ്. ശബരീനാഥൻ എന്നിവരാണ് പ്രതികൾ.


Source link
NEWS

Back to top button