CINEMA

‘ഞാൻ മരിച്ചിട്ടില്ല, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല’; വ്യാജ വാർത്തകൾക്കെതിരെ ജുവൽ മേരി

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ ജുവൽ മേരി. ക്യാൻസർ വന്ന് ശബ്‌ദം നഷ്‌ടപ്പെട്ടുവെന്നും അത്യാസന്ന നിലയിലാണെന്നുമുള്ള രീതിയിൽ ജുവലിനെക്കുറിച്ച് അടുത്തിടെ ചില പ്രചരണങ്ങൾ സോഷ്യൽ മീഡിയയിൽ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ഇതിനെല്ലാം പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജുവൽ. 2023ലാണ് തനിക്ക് അർബുദം സ്ഥിരീകരിച്ചതെന്നും ഇപ്പോൾ പൂർണ ആരോഗ്യവതിയാണെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌ത വീഡിയോയിലൂടെ അവർ പറഞ്ഞു.

‘ചത്തിട്ടില്ല മക്കളേ, ഞാൻ ചത്തിട്ടില്ല. രണ്ട് ദിവസമായി എന്റെ ശബ്‌ദം നഷ്‌ടപ്പെട്ടു, ഞാൻ മരണം കാത്തുകിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ കുറച്ചുപേർ എന്നെ കൊന്ന് എന്റെ അടിയന്തരത്തിന്റെ കാർഡ് അടിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, നമ്മൾ ഫിനിഷ്‌ഡ് അല്ല. 2023ൽ എനിക്കുവന്ന ക്യാൻസറിനെക്കുറിച്ച് ഒരു പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. അന്ന് പറഞ്ഞതെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്‌ഷൻ കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല.

ഞാൻ മരിച്ചിട്ടില്ല. നല്ല ജീവനോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്. എന്നെ സ്‌നേഹിക്കുന്ന ഒരുപാടുപേർ എനിക്കുവേണ്ടി ടെൻഷനടിക്കുകയും വിളിക്കുകയും എനിക്ക് എന്തുപറ്റിയെന്ന് അന്വേഷിക്കുകയും ചെയ്യുന്നുണ്ട്. ഒന്നും പറ്റിയില്ല, ഹാപ്പിയാണ്. അപ്പോൾ നിങ്ങൾ ഹാപ്പിയായിട്ട് ഇരിക്കുക’ – ജുവൽ മേരി പറഞ്ഞു.


Source link

Back to top button