NEWS
‘ധുരന്തർ’ ഡി-കമ്പനിയെ ചൊടിപ്പിച്ചു; ദാവൂദ് ഗ്യാങ് മുംബൈയിൽ സജീവം, പുതിയ ഗൂഢാലോചന

മുംബൈ∙ ബോളിവുഡ് സ്പൈ ത്രില്ലർ ‘ധുരന്തർ’ റിലീസിനു ശേഷം അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി-കമ്പനി പ്രകോപിതരായതായി രഹസ്യവിവരം. പാക്കിസ്ഥാനിൽനിന്ന് പ്രവർത്തനം നടത്തുന്ന ഡി-കമ്പനി ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മുംബൈയിൽ ഗ്രൗണ്ട് നെറ്റ്വർക് സജീവമാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. രൺവീർ സിങ് നായകനായ ചിത്രത്തിന്റെ രണ്ടു ഭാഗങ്ങളിലായി വരുന്ന ‘ബഡേ സാഹേബ്’ എന്ന കഥാപാത്രം മരണക്കിടക്കയിൽ കിടക്കുന്ന രംഗം ദാവൂദുമായി ശ്രദ്ധേയമായ സാമ്യം പുലർത്തുന്നതാണ് പ്രകോപനത്തിനു കാരണം. ഇത് ‘ദാവൂദ് ജീവിച്ചിരിക്കുന്നു’ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അടിയന്തരമായി ശ്രമിക്കേണ്ട സാഹചര്യം ഡി-കമ്പനിക്കുണ്ടാക്കിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി.സംഘത്തിന്റെ ആദ്യ വെല്ലുവിളി പുതിയ ഭീകരഗൂഢാലോചനയ്ക്കായി അംഗങ്ങളെ കണ്ടെത്തുക എന്നതായിരുന്നു. റിക്രൂട്ട്മെന്റ് ചുമതല ഷക്കീൽ ഗ്യാങ്ങിനായിരുന്നു. ഇങ്ങനെ റിക്രൂട്ട് ചെയ്യുന്നവരെ പരിശീലിപ്പിക്കാനും ആയുധങ്ങൾ നൽകാനുമുള്ള ചുമതല പാക്കിസ്ഥാന്റെ ഐഎസ്ഐ ഏറ്റെടുത്തു. ഒരു ഭീകര പദ്ധതി നടപ്പാക്കാൻ ഷാർപ് ഷൂട്ടറായ മുന്ന സിങ്കാഡയെ ചുമതലപ്പെടുത്തി. റിക്രൂട്ട് ചെയ്യപ്പെട്ടവരോട് ചെയ്യാൻ പോകുന്ന കുറ്റകൃത്യത്തിന്റെ യഥാർഥ കാരണം വെളിപ്പെടുത്തിയില്ലെന്നും മുംബൈയിലെ തെരുവുകളിൽനിന്നു തിരഞ്ഞെടുത്ത ഇവരെ ബാന്ദ്ര ഗരീബ് നഗറിലെ അനധികൃത മസ്ജിദിന് നേരെയുള്ള ബുൾഡോസർ നടപടിയുടെ പേരിൽ പ്രകോപിപ്പിച്ചതായും വൃത്തങ്ങൾ വെളിപ്പെടുത്തി.
Source link


