SPORTS

‘വണ്ടർ കിഡ്’ ശോഭയിൽ സൂപ്പർ താരങ്ങൾ‍ മങ്ങി, വിസ്മയമായി പതിനഞ്ചുകാരൻ! നിരാശപ്പെടുത്തി പന്തും പഞ്ചാബും; ഉത്തരവാദിത്തം നിറവേറ്റി സഞ്ജു


ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) ചരിത്രത്തിലേക്ക് സുവർണ അക്ഷരങ്ങളാൽ എഴുതിച്ചേർക്കപ്പെട്ട ഒരു സീസണാണ് കടന്നുപോയത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു (ആർസിബി) കിരീടം നിലനിർത്തിയപ്പോൾ അത് കേവലമൊരു ട്രോഫി വിജയം മാത്രമായിരുന്നില്ല. ചെന്നൈ സൂപ്പർ കിങ്സിനും മുംബൈ ഇന്ത്യൻസിനും ശേഷം ഐപിഎൽ ചരിത്രത്തിൽ തുടർച്ചയായി രണ്ട് തവണ കിരീടം നേടുന്ന മൂന്നാമത്തെ ടീമായി ആർസിബി മാറി. എന്നാൽ, ആർസിബിയുടെ കിരീടാഘോഷങ്ങൾക്കും അപ്പുറം പ്രവചനാതീതമായ ഒട്ടനവധി നിമിഷങ്ങളും ലേലക്കണക്കുകളെ കാറ്റിൽപ്പറത്തിയ പ്രകടനങ്ങളും അപ്രതീക്ഷിത വീഴ്ചകളും കൊണ്ട് സമ്പന്നമായിരുന്നു ഈ സീസൺ. കളിക്കളത്തിൽ ഒട്ടേറെ ഹീറോകളെയും സീറോകളെയും കണ്ടു.ഈ സീസണിലെ ഏറ്റവും മികച്ച ടീം റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു തന്നെയായിരുന്നു എന്നതിൽ ആർക്കും തർക്കമുണ്ടാകില്ല. 18 പോയിന്റോടെ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായാണ് അവർ പ്ലേ ഓഫിലെത്തിയത്. ഏറ്റവും മികച്ച നെറ്റ് റൺറേറ്റും അവർക്കായിരുന്നു. പ്ലേ ഓഫിലും ഫൈനലിലും ഗുജറാത്ത് ടൈറ്റൻസിനെതിരെ നേടിയ ആധികാരിക വിജയങ്ങൾ ബെംഗളൂരുവിന്റെ ആധിപത്യം വ്യക്തമാക്കുന്നു. സന്തുലിതമായ ബോളിങ് നിരയും നിർണായക നിമിഷങ്ങളിൽ ഉത്തരവാദിത്തം ഏറ്റെടുത്ത മാച്ച് വിന്നർമാരുമാണ് ബെംഗളൂരുവിനെ ബാക്ക്-ടു-ബാക്ക് ചാംപ്യന്മാരാക്കിയത്. ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഗുജറാത്ത് ടൈറ്റൻസും ഈ സീസണിലെ വലിയ വിജയികളാണ്. പോയിന്റ് പട്ടികയിൽ ആർസിബിക്കൊപ്പം നിൽക്കാൻ അവർക്ക് സാധിച്ചു. ശുഭ്മൻ ഗിൽ (732 റൺസ്), സായ് സുദർശൻ (722 റൺസ്) എന്നിവർക്കൊപ്പം ജോസ് ബട്‌ലറും ചേർന്നപ്പോൾ ടൂർണമെന്റിലെ ഏറ്റവും ഭയപ്പെടുത്തുന്ന ബാറ്റിങ് നിരയായി ഗുജറാത്ത് മാറി. അവസാന നാലിൽ ഇടംപിടിച്ച മറ്റ് രണ്ട് ടീമുകൾ സൺറൈസേഴ്സ് ഹൈദരാബാദും രാജസ്ഥാൻ റോയൽസുമാണ്. ഹെൻറിച്ച് ക്ലാസൻ, ഇഷാൻ കിഷൻ, അഭിഷേക് ശർമ്മ എന്നിവരുടെ കരുത്തിൽ ഹൈദരാബാദ് ടൂർണമെന്റിലുടനീളം ആദ്യ പകുതിയിൽ നിലയുറപ്പിച്ചു. മറുവശത്ത്, സീസണിലെ ഏറ്റവും വലിയ കണ്ടെത്തലായ വൈഭവ് സൂര്യവംശിയുടെ കരുത്തിൽ രാജസ്ഥാൻ അവസാന വാരം വരെ കിരീടപ്പോരാട്ടത്തിൽ സജീവമായിരുന്നു. വലിയ തുക മുടക്കാതെ തന്നെ ലേലത്തിലൂടെ മികച്ച ടീമിനെ കെട്ടിപ്പടുത്ത ജിടി, ആർആർ, എസ്ആർഎച്ച് ഫ്രാഞ്ചൈസികളാണ് ഈ സീസണിൽ ഏറ്റവും മികച്ച ‘റിട്ടേൺ ഓൺ ഇൻവെസ്റ്റ്മെന്റ്’ കാഴ്ചവച്ചത്.15കാരൻ തീർത്ത വിസ്മയ പ്രപഞ്ചംഈ സീസണിലെ ഏറ്റവും വലിയ വ്യക്തിഗത നേട്ടം ആരുടേതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ – വൈഭവ് സൂര്യവംശി. രാജസ്ഥാൻ റോയൽസിന്റെ ഈ 15 വയസ്സുകാരൻ പ്രതിഭ ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 16 മത്സരങ്ങളിൽ നിന്ന് 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസാണ് സൂര്യവംശി അടിച്ചുകൂട്ടിയത്. കേവലം റൺസ് നേടുക മാത്രമല്ല, ലോകത്തെ ഏറ്റവും മികച്ച ബോളർമാരെ ലൈനും ലെങ്തും മറന്നു തല്ലാൻ ഈ ഇടംകയ്യൻ ബാറ്റർക്ക് മടിയുണ്ടായിരുന്നില്ല. പ്ലേ ഓഫിൽ മാത്രം രണ്ട് തവണ 90ലധികം റൺസ് നേടിയ സൂര്യവംശിയാണ് രാജസ്ഥാനെ ഫൈനലിന്റെ വാതിൽക്കൽ വരെയെത്തിച്ചത്. സ്വാഭാവികമായും ഓറഞ്ച് ക്യാപ്പ് ഈ കൗമാരക്കാരൻ സ്വന്തമാക്കി. ടൂർണമെന്റിലെ ‘മോസ്റ്റ് വാല്യുബിൾ പ്ലെയർ’, ‘എമേർജിങ് പ്ലെയർ’ പുരസ്കാരങ്ങളും സൂര്യവംശി തൂത്തുവാരി. സമ്മർദഘട്ടങ്ങളെപ്പോലും അനായാസം നേരിട്ട ഈ വണ്ടർ കിഡ് തന്നെയാണ് സീസൺ നിർവചിച്ച താരം.


Source link

Back to top button