NEWS
മന്ത്രിമാർക്ക് സമ്മാനം വാങ്ങാമോ?; പ്രധാനമന്ത്രി മുതൽ സംസ്ഥാന മന്ത്രി വരെയുള്ളവർക്ക് പെരുമാറ്റച്ചട്ടം

കൊല്ലം ∙ മന്ത്രിക്ക് സമ്മാനം വാങ്ങാമോ? വാങ്ങുന്നതിന് കൃത്യമായ നിബന്ധന പെരുമാറ്റച്ചട്ടത്തിലുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്നോ ഔദ്യോഗിക ഇടപാടുള്ള വ്യക്തികളിൽ നിന്നോ വിലപിടിപ്പുള്ള സമ്മാനങ്ങൾ സ്വീകരിക്കരുതെന്നാണ് വ്യവസ്ഥ. പ്രധാനമന്ത്രി മുതൽ സംസ്ഥാന മന്ത്രിമാർക്കു വരെ ഇതാണ് പെരുമാറ്റച്ചട്ടം.വിദേശ സന്ദർശന സമയത്തു ലഭിക്കുന്ന സമ്മാനം സ്വീകരിക്കുന്നതിലും വ്യവസ്ഥയുണ്ട്. വാളും പരിചയും പോലെ ചടങ്ങുകളിൽ നൽകുന്ന സമ്മാനങ്ങൾ, സ്മാരക ചിഹ്നങ്ങൾ പോലെ പ്രതീകാത്മക സമ്മാനങ്ങൾ എന്നിവ മന്ത്രിക്ക് കയ്യിൽ വയ്ക്കാം. വിലപിടിപ്പുള്ള സമ്മാനങ്ങളിൽ 5000 രൂപ വരെയുള്ളത് സൂക്ഷിക്കാം. അതിൽ കൂടുതൽ മൂല്യം വരുന്നവ സർക്കാരിലേക്കു നൽകണം. അത് സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ സർക്കാർ നിശ്ചയിക്കുന്ന വിലയിൽ 5000 രൂപയ്ക്ക് മുകളിൽ വരുന്ന തുക നൽകി വാങ്ങാം. പെയ്ന്റിങ്ങുകൾ, ഫർണിച്ചർ എന്നിവയും ഇൗ ഗണത്തിൽ വരും.സർക്കാർ അനുവദിച്ച താമസ സൗകര്യങ്ങൾ ഒഴികെ മറ്റ് ഇളവുകൾ മന്ത്രിക്കോ കുടുംബാംഗങ്ങൾക്കോ വേണ്ടി ലഭ്യമാക്കാൻ ശ്രമിക്കരുത്. വിദേശ സർക്കാർ, വിദേശ സംഘടന, അല്ലെങ്കിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി സ്വീകരിക്കരുത്.
Source link


