NEWS

ദുബായിൽ നിന്ന് മുങ്ങി ‘വ്യാജ രാജകുമാരി’: കെണി വച്ചത് ആഡംബര വില്ലയിൽ, 9 മണിക്കൂറിനുള്ളിൽ ‘മാസ് നീക്കം


ദുബായ്∙ വ്യാജ രാജകുമാരിയെയും സുരക്ഷാസംവിധാനങ്ങളെയും രംഗത്തിറക്കി ദുബായിൽ വൻ തട്ടിപ്പ്. പ്രമുഖ വ്യാപാരിയിൽ നിന്ന് 1.2 കോടി ദിർഹം (ഏകദേശം 27.6 കോടി രൂപ) വിലമതിക്കുന്ന ആഡംബര ഊദ് തട്ടിയെടുത്ത എട്ടംഗ രാജ്യാന്തര സംഘത്തെ ദുബായ് പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. തട്ടിപ്പ് നടത്തി 12 മണിക്കൂർ തികയും മുൻപാണ് നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലുണ്ടായിരുന്ന ഒരു വനിത ഉൾപ്പെടെ ബാക്കി നാല് പേർ രാജ്യം വിട്ടു. ഇവർക്കായി ഇന്റർപോൾ മുഖേന റെഡ് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.  ∙ ആഡംബര വില്ലയിൽ ഒരുക്കിയ കെണി പ്രാദേശിക വിപണിയിലെത്തിയ സംഘത്തിലെ രണ്ട് പേർ ദുബായ് സന്ദർശിക്കുന്ന പ്രമുഖ രാജകുമാരിക്ക് ഉയർന്ന ഗുണനിലവാരമുള്ള ഊദ് വേണമെന്ന് വ്യാപാരിയെ വിശ്വസിപ്പിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇതനുസരിച്ച് മികച്ച ഊദ് ശേഖരവുമായി വ്യാപാരി ഇവരെ സമീപിച്ചു. തട്ടിപ്പ് വിശ്വസിപ്പിക്കാനായി സ്വകാര്യ സുരക്ഷാ ജീവനക്കാരും ഔദ്യോഗിക സ്വീകരണ മുറികളും വിഭവസമൃദ്ധമായ വിരുന്നും അടക്കം എല്ലാ ആഡംബരങ്ങളോടും കൂടിയ ഒരു വില്ലയാണ് പ്രതികൾ ഇതിനായി ഒരുക്കിയിരുന്നത്.  ∙ പൊലീസിന്റെ മിന്നൽ നീക്കം, അഭിനന്ദനം   വ്യാപാരി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുബായ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെയും ക്യാമറ നെറ്റ്‌വർക്കുകളുടെയും സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിൽ മണിക്കൂറുകൾക്കകം നാല് പ്രതികളെ പൊലീസ് താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. ഇവർ ഒളിപ്പിച്ചു വച്ചിരുന്ന ഊദും പൊലീസ് വീണ്ടെടുത്തു.  


Source link

Back to top button