NEWS

ഗ്യാസിന് വില കൂടിയത് നേട്ടമായത് ഇവയ്ക്ക്,​ ഒരു ടൺ വിറകിന് കൊടുക്കണം 8500 രൂപ

പാലക്കാട്: ഗ്യാസ് വില വർദ്ധനയ്ക്കു പിന്നാലെ വിറകിന് തീപിടിച്ച വില. ഒരു കാലത്ത് ആർക്കും വേണ്ടാതിരുന്ന വിറകിന് ഇപ്പോൾ വി.ഐ.പി പരിവേഷമാണ്. 5000 രൂപയുണ്ടായിരുന്ന പുളി വിറക് ടണ്ണിന് 8000-8500 രൂപയായി. പാഴ്മരങ്ങളുടെ വിറകിന് 6000 രൂപയാണു വില. റബർ മരത്തിന്റെ വിറകിനും വില കൂടിയിട്ടുണ്ട്. ആവശ്യത്തിനു വിറകു കിട്ടാത്ത അവസ്ഥയുമുണ്ട്. ഇതോടെ മരങ്ങൾ മുറിച്ചു വിറകാക്കി സൂക്ഷിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചു. എന്നാൽ വിറകു പൊളിക്കാൻ തൊഴിലാളികളില്ലാത്തതും മരം പൊളിച്ച് വിറകാക്കുന്ന യന്ത്രങ്ങൾ ആവശ്യത്തിനു ലഭിക്കാത്തതും തിരിച്ചടിയായി. മണിക്കൂറിന് 650 രൂപയാണു മരം പൊളിച്ചു വിറകാക്കാനുള്ള യന്ത്രത്തിന്റെ വാടക. ഒരു മണിക്കൂറിൽ ഒരു ടണ്ണിനടുത്ത് വിറകു ലഭിക്കും. ഹോട്ടലുകളിലേക്ക് വൻതോതിൽ വിറകുകൾ വാങ്ങാൻ തുടങ്ങിയതോടെ പ്രാദേശികമായി വിറകിന് ക്ഷാമവും നേരിട്ടു തുടങ്ങിയതായി കച്ചവടക്കാർ ചൂണ്ടിക്കാട്ടുന്നു. മുറിച്ച മരങ്ങൾ ഒന്നാകെ തമിഴ്നാട്ടിലേക്കും കേരളത്തിലെ തന്നെ ചില കമ്പനികളിലേക്കും ചൂളകളിലേക്കും കയറ്റിക്കൊണ്ടു പോകുന്നതു ഗ്രാമീണ മേഖലകളിൽ വിറകു ക്ഷാമത്തിനു കാരണമാകുന്നുണ്ട്. ഗ്യാസിനു ക്ഷാമം തുടങ്ങിയ മാർച്ച് മാസം മുതൽ വിറകിനു വില കുതിച്ചുയരുകയാണ്.

പാലക്കാട് ജില്ലയിൽ ഗ്രാമീണ മേഖലകളിൽ ഉൾപ്പെടെ വിറകിന് വില കുത്തനെ കൂടി. ഗ്യാസ് കിട്ടാനില്ലാതെ വന്നതോടെ ഒട്ടേറെ ഹോട്ടലുകൾ പാചകം വിറക് അടുപ്പിലേക്ക് മാറ്റിയിരുന്നു. സാധാരണയായി ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്തിരുന്ന ഭക്ഷണത്തിൽ മിക്കതും വിറികിലേക്ക് മാറ്റി. ഇതോടെ ഹോട്ടലുകളിൽ വൻതോതിൽ വിറകിന്റെ ആവശ്യവും വർദ്ധിച്ചു. ഗ്യാസ് പ്രതിസന്ധി തുടരുന്നതിനാൽ ഒട്ടേറെ ഗാർഹിക ഉപയോക്താക്കളും പാചകം വിറകടുപ്പിലേക്ക് മാറ്റിയിട്ടുണ്ട്. അതിനാൽ ഗ്യാസിന്റെ ക്ഷാമം തീരാതെ ഇനി വിറകിന്റെ വില താഴാൻ സാദ്ധ്യതയില്ലെന്നാണ് വിറക് കച്ചവടക്കാർ പറയുന്നത്.


Source link
NEWS

Back to top button