NEWS

 ചെലവും ഭൂമിയും കുറവ് –അതിവേഗ റെയിലിന് കേന്ദ്രാനുമതി തേടും

തിരുവനന്തപുരം/കൊച്ചി: ഇ.ശ്രീധരൻ തയ്യാറാക്കിയ തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽപാത റിപ്പോർട്ട് കേന്ദ്രാനുമതിക്കായി സർക്കാർ സമർപ്പിച്ചേക്കും. റെയിൽവേമന്ത്രി അശ്വിനി വൈഷ്‌ണവിന്റെ നിർദ്ദേശപ്രകാരമാണ് ശ്രീധരൻ പദ്ധതിരേഖയുണ്ടാക്കിയത്. സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ സർവേ നടത്താനാവാത്തതിനാൽ ഇടക്കാല റിപ്പോർട്ടാണ് മുഖ്യമന്ത്രി വി.ഡി.സതീശന് കൈമാറിയത്. യു.ഡി.എഫിലും മന്ത്രിസഭയിലും അംഗീകരിച്ചശേഷം സർവേ പൂർത്തിയാക്കും.

തിരുവനന്തപുരം പൂജപ്പുരയിൽ നിന്ന് കണ്ണൂരിലെ മുണ്ടയാട് വരെ ഇരട്ടപ്പാതയാണ്. 473.2 കിലോമീറ്റർ മൂന്നര മണിക്കൂറിൽ എത്താം. ചെലവും ഭൂമിയേറ്റെടുപ്പും കുറ‌വാണ്. സ്റ്റാൻഡേർഡ് ഗേജാണ്. നിർമ്മാണച്ചെലവ് കിലോമീറ്ററിന് 127കോടി.

ശരാശരി 21.5കിലോമീറ്റർ ഇടവിട്ട് സ്റ്റേഷൻ. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ വിമാനത്താവളങ്ങളെ ബന്ധിപ്പിക്കും. കണ്ണൂർ വിമാനത്താവളത്തിന് 10കി.മി അടുത്തുമാണ്.

രണ്ടാം ഘട്ടത്തിൽ കണ്ണൂർ-കാസർകോട്, കോഴിക്കോട്-കൽപ്പറ്റ, പട്ടാമ്പി-പാലക്കാട്, തൃശൂർ-പാലക്കാട് എന്നിങ്ങനെ പാത നീട്ടും.

ചെലവ് 60,000 കോടി

12 കോച്ചുകൾ

 നിർമ്മാണച്ചെലവ് 60,000 കോടി രൂപ. ഇതിൽ 36,000 കോടി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 51:49 എന്ന അനുപാതത്തിൽ ഓഹരി നിക്ഷേപമായി നൽകും. ബാക്കി 24,000 കോടി ക്രൗഡ് ഫണ്ടിംഗ് വഴി സമാഹരിക്കും.

 12 കോച്ചുകളിൽ 800 യാത്രക്കാർക്ക് ഇരുന്ന് യാത്രചെയ്യാനാകും. നിന്നുള്ള യാത്ര അനുവദിക്കില്ല. യാത്രക്കാരുടെ എണ്ണം കൂടിയാൽ 16 കോച്ചുകളാക്കും

 സർവീസ് രാവിലെ 6 മുതൽ 11 വരെ. വൈകിട്ട് 4 മുതൽ 8 വരെ. തിരക്കുള്ളപ്പോൾ ഓരോ 20 മിനിറ്റിലും സർവീസ്. അല്ലാത്തപ്പോൾ 40 മിനിറ്റ് ഇടവേള. പ്രതിദിനം 54,400 പേർക്ക് യാത്രചെയ്യാം

തലസ്ഥാനത്ത് തുരങ്കപ്പാത

ബാക്കി തൂണിന് മുകളിൽ

 തിരുവനന്തപുരം നഗരത്തിൽ ആറര കിലോമീറ്റർ തുരങ്കപ്പാത. ബാക്കിഭാഗം തൂണുകൾക്ക് മുകളിലുള്ള എലിവേറ്റഡ് പാത

 20മീറ്റർ വീതിയിലേ നിർമ്മാണത്തിന് ഭൂമിയേറ്റെടുക്കൂ. നിർമ്മാണം പൂർത്തിയായാൽ ഭൂമി ഉടമയ്ക്ക് പാട്ടത്തിന് നൽകും

ട്രെയിനോടിക്കുന്നതടക്കം പൂർണപ്രവർത്തനം സോളാർ വൈദ്യുതിയിൽ. അധികമുള്ളത് കെ.എസ്.ഇ.ബിക്ക് വിൽക്കും

ഓപ്പറേഷണൽ വേഗത

180കി.മീറ്റർ

23 സ്റ്റേഷനുകൾ

പൂജപ്പുര, തിരുവനന്തപുരംവിമാനത്താവളം,വർക്കല, കൊല്ലം, കൊട്ടാരക്കര, പത്തനംതിട്ട, തിരുവല്ല, കോട്ടയം, വൈക്കം, തൃപ്പൂണിത്തുറ, പാലാരിവട്ടം, ആലുവ, നെടുമ്പാശേരിവിമാനത്താവളം, ചാലക്കുടി, തൃശൂർ, പട്ടാമ്പി, മലപ്പുറം, കരിപ്പൂർവിമാനത്താവളം, കോഴിക്കോട്, ബാലുശേരി,നാദാപുരം, കൂത്തുപറമ്പ്, മുണ്ടയാട്.

ലോകത്തെ ആദ്യത്തെ ഹരിതറെയിൽ ഇടനാഴിയായിരിക്കും. 5വർഷംകൊണ്ട് നിർമ്മിക്കാം

– ഇ.ശ്രീധരൻ


Source link
NEWS

Back to top button