NEWS

സിഎംആർഎൽ–എക്സാലോജിക് കേസ്: ഇ.ഡി അന്വേഷണം തടയണം; ഡിവിഷൻ ബെഞ്ചിന് അപ്പീൽ


കൊച്ചി ∙ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിന് അപ്പീൽ. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇ.ഡി നടത്തുന്ന അന്വേഷണവും സമൻസുകളും ചോദ്യം ചെയ്താണ് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇ.ഡിയുടെ അന്വേഷണം പൂർണമായും അധികാര പരിധിക്കു പുറത്താണെന്നും നിയമവിരുദ്ധമാണെന്നും അടക്കമുള്ള കാര്യങ്ങളാണ് അപ്പീലില്‍ പറഞ്ഞിരിക്കുന്നത്. നേരത്തെ സിഎംആർഎലിന്റെ ഹർജി ജസ്റ്റിസ് ടി.ആർ.രവി തള്ളുകയായിരുന്നു.ഇ‍.ഡി ഇസിഐആർ റജിസ്റ്റർ ചെയ്ത് സമൻസ് അയച്ച സമയത്ത് തങ്ങൾക്കെതിരെ എഫ്ഐആറോ യാതൊരുവിധ ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളോ നിലവിലുണ്ടായിരുന്നില്ല എന്ന് അപ്പീലിൽ പറയുന്നു. അതിനാൽ ഇ.ഡിയുടെ ഈ അന്വേഷണം പൂർണമായും നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണ്. കേസിൽ സ്വാഭാവിക നീതിയുെട ലംഘനമുണ്ടെന്നും അപ്പീലിലുണ്ട്. കേസിൽ രണ്ട് വർഷത്തോളമായി വിധി പറയാൻ മാറ്റിവച്ചിരിക്കുകയായിരുന്നു എന്ന് സിഎംആർഎൽ‍ പറയുന്നു. 2024 ഓഗസ്റ്റിൽ കേസ് വിധി പറയാൻ മാറ്റിയതിന് ശേഷം 2025 മേയ് മാസത്തിൽ ഇ.ഡി ഒരു അധിക സത്യവാങ്മൂലം സമർപ്പിച്ചു. അന്വേഷണം തുടങ്ങുന്ന സമയത്ത് അടിസ്ഥാനപരമായ ഒരു കുറ്റകൃത്യം (ഷെ‍ഡ്യൂൾഡ് ഒഫൻസ്) ഇല്ലാതെ ഇ.ഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും സിഎംആർ‍എൽ വാദിക്കുന്നു. കമ്പനി നൽകിയ ഹർജി  സിംഗിൾ ബെഞ്ച് തള്ളിയതിനു പിറ്റേന്നു തന്നെ ഇ.ഡി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകൾ‍, സിഎംആർ‍എലുമായി ബന്ധപ്പെട്ട കമ്പനികൾ എന്നിവിടങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു.


Source link

Back to top button