NEWS
നീറ്റ് ചോദ്യപേപ്പർ ചോർച്ച: പ്രധാനമന്ത്രി നേരിട്ട് മേൽനോട്ടം വഹിക്കുന്നെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം

ന്യൂഡൽഹി∙ നീറ്റ്-യുജി പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ, ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു മേൽനോട്ടം വഹിക്കുന്നതായി സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച സുപ്രീംകോടതിയിൽ നടന്ന വാദത്തിനിടെയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം വ്യക്തമാക്കിയത്. ചോർച്ച അന്വേഷണം എങ്ങനെ, ഏതു രീതിയിൽ നടത്തുമെന്നും നിഗമനത്തിൽ എത്തുമെന്നും വിശദമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. മെഡിക്കൽ പ്രവേശന പരീക്ഷ നടത്താൻ നാഷനൽ ടെസ്റ്റിങ് ഏജൻസിക്ക് (എൻടിഎ) പകരം ശക്തവും സ്വതന്ത്രവുമായ സംവിധാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന ഹർജിയും ഇതിൽ ഉൾപ്പെടുന്നു. വാദത്തിനിടെ, നടപ്പാക്കൽ എത്രത്തോളം നിരീക്ഷിച്ചുവെന്നും ചോർച്ചയ്ക്കു പിന്നിലെ കാരണം എന്താണെന്നും ജസ്റ്റിസ് നരസിംഹ കേന്ദ്രത്തോട് ആരാഞ്ഞു. ‘‘യുവാക്കളെ ഇത്തരത്തിൽ നിരാശരാക്കരുത്. ഇത് വളരെ മാനസികാഘാതമുണ്ടാക്കുന്നതാണ്. വളരെയധികം വികാരവും സമയവും അവർ നിക്ഷേപിക്കുന്നു’’ – കോടതി പറഞ്ഞു. പരീക്ഷകൾ നടത്തുന്നതിൽ യുപിഎസ്‌സിയുടെ മാതൃകയും കോടതി ചൂണ്ടിക്കാട്ടി. ‘‘ഉന്നതാധികാര സമിതി ഉണ്ടായിട്ടും ഈ സംഭവം നടന്നെങ്കിൽ, യഥാർഥ ശുപാർശയിൽ തന്നെ എന്തോ തെറ്റുണ്ട്, അല്ലെങ്കിൽ ശരിയായ രീതിയിൽ നടപ്പാക്കിയിട്ടില്ല’’ – ജസ്റ്റിസ് നരസിംഹ ചോദിച്ചു. ജൂൺ 21 ന് നിശ്ചയിച്ചിട്ടുള്ള നീറ്റ്-യുജി പരീക്ഷയ്ക്കായി പുതിയ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.
Source link


