NEWS
വീണയെക്കൊണ്ടു തന്നെ ഫോൺ തുറപ്പിക്കും?; ഹാജരാകാൻ നോട്ടിസ് നൽകും, പണമിടപാടിൽ ശക്തമായ തെളിവുകൾ?

കൊച്ചി ∙ സിഎംആർഎൽ – എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് 12 ഇടങ്ങളിൽ നടത്തിയ റെയ്ഡിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. റെയ്ഡ് സംബന്ധിച്ചുള്ള റിവ്യൂ മീറ്റിങ് ഇന്നു ചേർന്ന ശേഷമായിരിക്കും പിടിച്ചെടുത്ത രേഖകളുടെയും ഡിജിറ്റൽ ഉപകരണങ്ങളുടേയും പരിശോധന ആരംഭിക്കുക. ഇതിൽ വീണയുടെ ഫോൺ പരിശോധന നിര്‍ണായകമാകും. രേഖകൾ പരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ വീണയ്ക്കും സിഎംആർഎല്ലുമായി ബന്ധപ്പെട്ടവർക്കും നോട്ടിസ് നൽകും. എക്സാലോജിക് ഇടപാടിന്റെയും സിഎംആർഎൽ വിവിധ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും അടക്കമുള്ളവർക്ക് പണം നൽകിയതിന്റെയും തെളിവുകൾ ഇതിനകം തന്നെ ഇ.ഡിയുടെ പക്കലുണ്ട്. ആദായ നികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് കമ്മിഷന്റെയും ഇതിനെ മുൻനിർത്തിയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്ഐഒ) അന്വേഷണ റിപ്പോർട്ടും ഇ.ഡിയുടെ പക്കലുണ്ട്. എസ്എഫ്ഐഒ റിപ്പോർട്ടിലെ പരാമർശങ്ങൾ കഴിഞ്ഞ ദിവസം ഹൈക്കോടതിയും പരാമർശിച്ചിരുന്നു. മാത്രമല്ല, സിഎംആർഎല്ലിലെ മുതിർന്ന ഉദ്യോഗസ്ഥരെയെല്ലാം നേരത്തെ തന്നെ ഇ.ഡി വിശദമായി ചോദ്യം ചെയ്യുകയും രേഖകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്നാണ് എക്സാലോജിക്കിനു പുറമെ നടത്തിയ പണമിടപാടുകളുടെ വിവരങ്ങളും ഇ.ഡിക്ക് ലഭിച്ചിരുന്നു. റെയ്ഡിൽ നിന്ന് പിടിച്ചെടുത്തവയിൽ ഈ വിവരങ്ങൾക്ക് ശക്തിയേകുന്ന രേഖകളും തെളിവുകളുമാണ് ഇനി ഇ.ഡി പരിശോധിക്കുക. അത്തരം ശക്തമായ തെളിവുകൾ തന്നെയുണ്ടെന്നാണ് പ്രാഥമികമായി വ്യക്തമായതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
Source link


