യുദ്ധവിമാനത്തെ പുഷ്‌പം പോലെ നിയന്ത്രിച്ച ആദ്യ ഇന്ത്യൻ വനിത, മേജർ അഭിലാഷയെ ആദരിക്കാൻ യുഎൻ

ഇന്ത്യൻ സൈന്യത്തിലെ ആദ്യ വനിതാ കോംബാറ്റ് ഹെലികോപ്‌ടർ പൈലറ്റായ മേജർ അഭിലാഷ ബാറാക്കിന് യുഎന്നിൽ നിന്ന് പുരസ്‌കാരം. 2025ലെ ‘മിലിറ്ററി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദി ഇയർ’ പുരസ്‌കാരമാണ് നൽകുന്നത്. ലെബനനിലെ സമാധാന പ്രവർത്തനത്തിനാണ് പുരസ്‌കാരം. ഇന്നുനടക്കുന്ന ‘യുണൈറ്റഡ് നേഷൻസ് പീസ്‌കീപ്പേഴ്‌സ്’ ദിനാഘോഷത്തിലാണ് പുരസ്‌കാരം സമ്മാനിക്കുന്നത്.
ലെബനിൽ വിന്യസിച്ചിരിക്കുന്ന യുഎന്നിന്റെ ഇന്ററിം സൈന്യത്തിലാണ് മേജർ അഭിലാഷ നിലവിൽ പ്രവർത്തിക്കുന്നത്. ഫീമെയിൽ എൻഗേജ്‌മെന്റ് ടീമിന്റെ കമാൻഡർ ആണ്. മേജർ സുമൻ ഗവാനി, മേജർ രാധിക സെൻ എന്നിവർക്കുശേഷം ഈ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ പൗരനാണ് മേജർ അഭിലാഷ.
ലെബനനിലെ മിഷന്റെ ഭാഗമായി സ്ത്രീശാക്തീകരണത്തിനായും സ്ത്രീകളുടെയും കുട്ടികളുടെയും അടിസ്ഥാന ആവശ്യങ്ങൾക്കായും നിരന്തരം പോരാടുന്നയാളാണ് അഭിലാഷ. മറ്റ് പീസ്‌കീപ്പർമാക്ക് ലിംഗസമത്വത്തിൽ പരിശീലന ക്ളാസുകളും നൽകിവരുന്നു.
നാശിക്കിലെ കോംബാറ്റ് ആർമി ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിൽ നിന്ന് പരിശീലനം പൂർത്തിയാക്കി അഭിലാഷ 2022 മേയിലാണ് കോംബാറ്റ് ഹെലികോപ്‌ടർ പൈലറ്റായി ചുമതയേറ്റത്. ഹരിയാനയിലെ ഒരു സൈനിക കുടുംബത്തിലാണ് അഭിലാഷ ജനിച്ചത്. ഡൽഹി ടെക്‌നോളജിക്കൽ സർവകലാശാലയിൽ നിന്ന് ബിടെക് പൂർത്തിയാക്കി. ഡെലോറ്റ് എന്ന സ്ഥാപനത്തിൽ അനാലിസ്റ്റായും ജോലി ചെയ്തു. രാജ്യത്തെ സേവിക്കാനുള്ള അതിയായ ആഗ്രഹമാണ് അഭിലാഷയെ സൈന്യത്തിലെത്തിച്ചത്. ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് അഭിലാഷയ്ക്ക് എസ്എസ്‌ബി അഭിമുഖത്തിൽ വിജയിക്കാൻ സാധിക്കാത്തത്.
2018ൽ കോപ്‌സ് ഓഫ് ആർമി എയർ ഡിഫൻസിൽ കമ്മിഷൻ ചെയ്തു. 2021ൽ ഇന്ത്യൻ സൈന്യം യുദ്ധ വ്യോമയാനം സ്ത്രീകൾക്ക് തുറന്നുകൊടുത്തപ്പോൾ അഭിലാഷ അവസരം കൈപ്പിടിയിലാക്കി. പൈലറ്റ് പരിശീലനത്തിനിടെ ‘ഫ്ലെഡ്ഗ്ലിംഗ്”‘ ട്രോഫിയും അഭിലാഷ കരസ്ഥമാക്കി. എഎൽഎച്ച് ധ്രുവ് പോലെയുള്ള ഫ്ളയിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഒരു വർഷത്തെ തീവ്രമായ വ്യോമയാന പരിശീലനത്തിനുശേഷമാണ് അഭിലാഷ കോംബാറ്റ് പൈലറ്റായി ചുമതലയേറ്റത്.
Source link


