NEWS
ബംഗാളിൽ ഇ.ഡിയെ അടിച്ചു, ഇന്ന് കേരളത്തിലും; പിണറായിയുടെ വീടാണെന്ന് സിആർപിഎഫ് അറിഞ്ഞില്ല, എല്ലാം രഹസ്യമായി

തിരുവനന്തപുരം∙ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവർത്തകര്‍ നടത്തിയതിനു സമാനമായ ആക്രമണമാണ് ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കു നേരെ തലസ്ഥാനത്തുണ്ടായത്. ഇ.ഡി. സംഘം ഒരു ഏജന്‍സി വഴി വാടകയ്ക്ക് എടുത്ത മൂന്നു വാഹനങ്ങളാണ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് കേന്ദ്ര ഏജന്‍സി ഉദ്യോഗസ്ഥര്‍ക്കു നേരെ ഇത്തരത്തില്‍ ആക്രമണം ഉണ്ടാകുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയത് മൂന്ന് ഇ.ഡി. ഉദ്യോഗസ്ഥരും അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ ഒരു ബാങ്ക് ഉദ്യോഗസ്ഥയുമാണ്. വനിതകള്‍ ഉള്‍പ്പെടെ 8 സിആര്‍പിഎഫ് ജീവനക്കാരാണ് സുരക്ഷയ്ക്കായി എത്തിയത്. ഹൈക്കോടതിയില്‍നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതിനു പിന്നാലെ അതീവരഹസ്യമായാണ് ഇ.ഡി. പിണറായി വിജയന്റെ വീടുകളില്‍ ഉള്‍പ്പെടെ റെയ്ഡിനെത്തിയത്. സംസ്ഥാന പൊലീസിനെ വിവരം അറിയിക്കാതെ സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് സംഘം രാവിലെ ആറരയോടെ ബേക്കറി ജംക്‌ഷനിലെ പിണറായി വിജയന്റെ വാടകവീട്ടില്‍ എത്തിയത്. ആരുടെ വീട്ടിലാണു പരിശോധന എന്നു സിആര്‍പിഎഫ് ജവാന്മാര്‍ക്ക് അറിവുണ്ടായിരുന്നില്ല. പള്ളിപ്പുറം ക്യാംപില്‍നിന്നുള്ള സിആര്‍പിഎഫ് ജവാന്മാര്‍ വീടിനുള്ളില്‍ കടന്നപ്പോഴാണ് പിണറായി വിജയനെ കാണുന്നതും മുന്‍ മുഖ്യമന്ത്രിയുടെ വീട്ടിലാണ് റെയ്ഡ് എന്നും അറിയുന്നത്. ഇ.ഡി. സംഘത്തിനു വേണ്ടിയാണ് വാഹനം വാടകയ്ക്ക് എടുക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്നും അറിഞ്ഞെങ്കില്‍ പോകില്ലായിരുന്നുവെന്നും തകര്‍ന്ന ഒരു വാഹനത്തിന്റെ ഡ്രൈവര്‍ പറഞ്ഞു. ബേക്കറി ജംക്‌ഷനില്‍നിന്നു ഒരുവിധത്തില്‍ രക്ഷപ്പെട്ട ഇ.ഡി. സംഘം തകര്‍ന്ന വാഹനങ്ങളില്‍ നേരെ തമ്പാനൂര്‍ സ്‌റ്റേഷനിലേക്കാണ് എത്തിയത്. രണ്ടു കാറുകളുടെ ചില്ലുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തിരുന്നു. കാറിലുണ്ടായിരുന്ന ബാങ്ക് ഉദ്യോഗസ്ഥ ഉള്‍പ്പെടെ വല്ലാതെ പരിഭ്രാന്തരായാണ് തമ്പാനൂര്‍ സ്‌റ്റേഷിലേക്കു കയറിയത്. തുടര്‍ന്ന് പരുക്കേറ്റ ഡ്രൈവറെ പൊലീസ് ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. അത്രയും സിപിഎം നേതാക്കള്‍ അവിടെ ഉണ്ടായിരുന്ന സാഹചര്യത്തില്‍ ആക്രമണം നടക്കുമെന്ന് കരുതിയില്ലെന്ന് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Source link


