ആലപ്പുഴയിൽ വൻ ലഹരിവേട്ട : നാലര ലക്ഷത്തിന്റെ രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

രാസലഹരിയുമായി ആലപ്പുഴ ജില്ലാ എക്സൈസ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പിടിയിലായ അർഷാദ് ,അൻഷാദ് എന്നിവരുമായി നടന്ന വാർത്ത സമ്മേളനത്തിൽ പ്രതികളിൽ നിന്ന് കണ്ടെടുത്ത ആയുധങ്ങൾ കാണിക്കുന്ന ഉദ്യോഗസ്ഥൻ
ആലപ്പുഴ: എക്സൈസ് പരിശോധനയ്ക്കിടെ, വ്യാവസായിക അളവിൽ രാസലഹരി വിൽക്കുന്ന രണ്ട് യുവാക്കൾ നാലര ലക്ഷത്തോളം വില വരുന്ന 150 ഗ്രാം മെത്താംഫിറ്റമിൻ, 4.64 ലക്ഷം രൂപ എന്നിവയുമായി പിടിയിൽ. ആലപ്പുഴ ആറാട്ടുവഴി വാർഡിൽ ബംഗ്ലാവ് പറമ്പിൽ അൻഷാദ് (36), പുന്നമട വാർഡിൽ മുറിയിൽ കരിച്ചിറ വീട്ടിൽ അർഷാദ് (23) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം പിടികൂടുന്നതിനിടെ പ്രതികളിലൊരാളായ അൻഷാദിന്റെ കത്തിയാക്രമണത്തിൽ എക്സൈസ് ഇൻസ്പെക്ടറുടെ കൈയ്ക്ക് പരിക്കേറ്റു. എക്സൈസ് ഇൻസ്പെക്ടർ ദിലീപിനാണ് പരിക്കേറ്റത്. ലഹരി ഇടപാടുകളുടെ വിവരങ്ങളടങ്ങിയ ഡയറി, മഴു, എസ് ആകൃതിയിലുള്ള കത്തി എന്നിവയും പിടിച്ചെടുത്തതായി അസി. എക്സൈസ് കമ്മിഷണർ എ.പി.ഷാജഹാൻ പറഞ്ഞു. ആറാട്ടുവഴിയിൽ ദേശീയപാതയ്ക്ക് സമീപം അൻഷാദ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ എക്സൈസ് എൻഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഗുണ്ടാസംഘം, പ്രതിരോധിക്കാൻ കത്തി
കൊച്ചിയിലെ ഗുണ്ടാ സംഘത്തിലെ അംഗമായിരുന്ന അൻഷാദ്, തെറ്റിപ്പിരിഞ്ഞു. ആക്രമണം ഭയന്നാണ് മഴു, എസ് കത്തി എന്നിവ കൊണ്ടുനടക്കുന്നത്. അർഷാദ് അകന്ന ബന്ധുവാണ്. ബംഗളൂരുവിൽ നിന്ന് വൻ തോതിൽ ലഹരിയെത്തിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് വിൽക്കുന്ന മുപ്പതോളം സംഘങ്ങൾ കൈമാറും. സ്വകാര്യ മെസഞ്ചർ ആപ്ലിക്കേഷൻ വഴിയാണ് ഇടപാട്. 150 ഗ്രാം എം.ഡി.എം.എ ഇവർ വിറ്റു. ഡയറിക്കുറിപ്പ് അന്വേഷണത്തിൽ നിർണായകമാകും.
Source link
NEWS


