NATIIONAL

‘സോറി’: ക്ഷമ ചോദിച്ച് ഋഷഭ് പന്ത്, കാരണം ഇതാണ്; മുറവിളികൾക്കിടെ അർജുൻ തെൻഡുൽക്കർക്ക് ലക്നൗ ജഴ്സിയിൽ അരങ്ങേറ്റം


ലക്നൗ∙ ആരാധകരോട് മാപ്പ് പറഞ്ഞ് ലക്നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ ഋഷഭ് പന്ത്. പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ടോസിനു ശേഷം സംസാരിക്കുമ്പോഴാണ് പന്ത് ക്ഷമാപണം നടത്തിയത്. ടൂർണമെന്റിൽനിന്ന് ഇതിനകം തന്നെ പുറത്തായ എൽഎസ്ജി, ഫ്രാഞ്ചൈസിയുടെ നിരാശാജനകമായ പ്രകടനത്തിനാണ് ആരാധകരോട് ക്ഷമ ചോദിച്ചത്. ‘‘ഇതൊരു കഠിനമായ സീസണായിരുന്നു, എന്നാൽ അതേസമയം ടീമിനും വ്യക്തിപരമായി എനിക്കും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഇതിലൂടെ സാധിച്ചു. യുപിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ ആരാധകരോട് ഞാൻ ക്ഷമ ചോദിക്കുന്നു. ഞങ്ങൾക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല, എങ്കിലും ഇന്ന് ഞങ്ങൾ ഞങ്ങളുടെ 100 ശതമാനവും നൽകും.– ഋഷഭ് പന്ത് പറഞ്ഞു. ∙ അർജുന് അരങ്ങേറ്റം അതേസമയം ടോസ് നേടിയ പഞ്ചാബ് കിങ്സ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളിൽ രണ്ടു മാറ്റം വീതമുണ്ട്. ലക്നൗ ടീമിൽ അർജുൻ തെൻഡുൽക്കർ പ്ലേയിങ് ഇലവനിൽ സ്ഥാനം പിടിച്ചു എന്നതാണ് ശ്രദ്ധേയം. ഈ സീസണിനു മുന്നോടിയായി മുംബൈ ഇന്ത്യൻസിൽനിന്ന് ലക്നൗവിലേക്ക് എത്തിയ അർജുൻ തെൻഡുൽക്കർക്ക് ഇതുവരെ ഒരു മത്സരത്തിൽപോലും അവസരം ലഭിച്ചിരുന്നില്ല. ഇതിനെതിരെ പലകോണുകളിൽനിന്നും വിമർശനം ഉയർന്നിരുന്നു. ഇതോടെയാണ് സീസണിലെ അവസാന മത്സരത്തിൽ അർജുന് ലക്നൗ അവസരം നൽകിയത്.


Source link

Back to top button