‘ടിനിയെ കീറി മുറിക്കാൻ അനുവദിക്കില്ല‘; അൻസിബയ്ക്ക് പറയാനുള്ളത് അമ്മയിൽ പറയണമായിരുന്നെന്ന് പ്രിയങ്ക

കൊച്ചി: അൻസിബ ഹസന്റെ ആരോപണങ്ങളിൽ ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്. ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ലെന്ന് പറഞ്ഞ പ്രിയങ്ക നടനൊപ്പമുണ്ടാകുമെന്നും വ്യക്തമാക്കി. ടിനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണെന്നും അൻസിബയക്ക് എന്തെങ്കിലും പറയാനുണ്ടായിരുന്നെങ്കിൽ അത് അമ്മയിൽ പറയണമായിരുന്നെന്നും അവർ കുറ്റപ്പെടുത്തി.
” നമുക്ക് ഒരുപാട് ഉപകാരങ്ങൾ ചെയ്യുന്ന ഒരാളാണ് ടിനി. അംഗങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യുന്ന സമയത്താണ് ഇങ്ങനെയൊരു വാർത്ത കണ്ടത്. ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുണ്ട്. അമ്മ എന്ന് പറയുന്ന അസോസിയേഷനിൽ എന്തെങ്കിലുമുണ്ടെങ്കിൽ അമ്മയിൽ തീർക്കണം. ഇതുപോലെ മാദ്ധ്യമങ്ങളിൽ പോയി പറയാനാണെങ്കിൽ ഞങ്ങൾക്കൊക്കെ ഒരുപാട് പറയാനുണ്ടാകും.
ഞങ്ങൾ അതൊന്നും പറയാൻ തീരുമാനിച്ച ആളല്ല. ടിനിയെക്കുറിച്ച് പറയാനാണെങ്കിൽ അദ്ദേഹം എന്റെ സഹപ്രവർത്തകനാണ്. എന്റെ ഭർത്താവിന്റെയും സഹപ്രവർത്തകനാണ്. ഒരുപാട് വർഷം കൊണ്ട് കണ്ടുകൊണ്ടിരിക്കുന്ന ആളാണ്. വ്യക്തിപരമായി ഒരാളെ കീറി മുറിക്കാൻ ഞങ്ങൾ സമ്മതിക്കില്ല. ഞങ്ങളെല്ലാവരും ടിനിയുടെ കൂടെ തന്നെ നിൽക്കും. കാരണം ഒരു തെറ്റും ചെയ്യാത്ത ഒരാളെ അങ്ങനെ ശിക്ഷിക്കാൻ പാടില്ല” – പ്രിയങ്ക പറഞ്ഞു.
അതേസമയം, അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്ന് നടൻ ടിനി ടോമും പ്രതികരിച്ചു. സ്റ്റേജ് ഷോ നടക്കുമ്പോൾ എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകാമെന്നും അംഗങ്ങളോട് വിവരങ്ങൾ പറയുന്നു എന്നല്ലാതെ മോശമായ മെസേജൊന്നും താൻ അയക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Source link
NEWS


