‘ഞാൻ പ്രവർത്തിക്കുന്നയാളാണ്, ഷോമാനല്ല’; നടി അൻസിബ ഹസന്റെ ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം

നടി അൻസിബ ഹസന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് നടൻ ടിനി ടോം. താൻ പ്രവർത്തിക്കുന്നയാളാണ്. ഷോമാനല്ല. ഉള്ളത് പറയുന്ന തുറന്ന പുസ്‌തകമാണ്. എന്തുവേണമെന്ന് അമ്മ കമ്മിറ്റി തീരുമാനിക്കുമെന്നും ടിനി ടോം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
താരസംഘടനയായ ‘അമ്മ”യിൽ നിന്ന് താൻ രാജിവയ്ക്കാൻ കാരണം ടിനി ടോമും സംഘടനയിലെ ചിലരുമാണെന്നാണ് അൻസിബ ഹസൻ ആരോപിച്ചത്. തനിക്ക് എല്ലാവരുമായി അവിഹിതം ഉണ്ടെന്ന് ടിനി ടോം പറഞ്ഞുപരത്തി. ജിഹാദി എന്ന് വിളിച്ച് അധിക്ഷേപിച്ചു. തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത്. എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ പൊലീസിൽ വ്യാജ പരാതി നൽകി. അമ്മ പ്രസിഡന്റും സെക്രട്ടറിയും തന്റെ കൂടെ നിന്നില്ല. കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോകുന്നത്. നിയമനടപടിക്ക് ഒന്നും താനില്ലെന്നും അൻസിബ വ്യക്തമാക്കിയിരുന്നു.
അടുത്തിടെയാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് അൻസിബ രാജിവച്ചത്. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാദ്ധ്യമങ്ങളെ അറിയിച്ചിരുന്നു. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക ഭാരവാഹിയായിരുന്നു അൻസിബ. തൊഴിൽപരവും വ്യക്തിപരവുമായ കാരണങ്ങളാലാണ് രാജിയെന്നാണ് ശ്വേതമേനോൻ പറഞ്ഞത്. ഫെബ്രുവരി 21നാണ് അൻസിബ രാജി സന്നദ്ധത അറിയിച്ചത്. പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കേണ്ടിവരികയും ട്രഷറർക്ക് നിർബന്ധിത അവധി നൽകുകയും ചെയ്‌തതോടെ താരസംഘടനയായ ‘അമ്മ”യിൽ അസ്വാരസ്യം പുകയുന്നുവെന്നാണ് റിപ്പോർട്ട്. അൻസിബ ഹസൻ രാജിവച്ചതും ഭരണസമിതിയിലെ ഭിന്നതകൾ രൂക്ഷമാക്കിയിരിക്കുകയാണ്.
Source link
NEWS


