CINEMA

പിസാസിന് ബാധ പിടികൂടിയോ?

മിഷ്‌കിന്റെ സംവിധാനത്തിൽ ആൻഡ്രിയ ജെറമിയ പ്രധാന വേഷത്തിൽ എത്തുന്ന ഹൊറർ ചിത്രം പിസാസ് 2 അനിശ്ചിതത്വം ഒഴിയാതെ തുടരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ നിയമകുരുക്കാണ് ചിത്രീകരണം പൂർത്തിയായി ആറുവർഷം എത്തിയിട്ടും പിസാസ് 2 നേരിടുന്നത്. 2021ൽ ആൻഡ്രിയയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച ചിത്രം കൊവിഡ് കാരണം ചിത്രീകരണം നീണ്ടുപോയി. ചിത്രത്തിന്റെ ടീസർ മൂന്നുവർഷം മുൻപ് പുറത്തിറങ്ങിയിരുന്നു.

ആൻഡ്രിയയുടെ അഭിനയജീവിതത്തിലെ അടയാളപ്പെടുത്തുന്ന ചിത്രം ആയിരിക്കും പിസാസ് 2 എന്ന് കഴിഞ്ഞ ദിവസവും മിഷ്‌കിൻ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ ഇറോട്ടിക് രംഗങ്ങൾ ഏറെയുണ്ടെന്നും കഥയുമായി ചേരുന്നതിനാൽ മടികൂടാതെ അഭിനയിച്ചെന്നു ആൻഡ്രിയയും പറഞ്ഞിരുന്നു. വിജയ് സേതുപതി അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പൂർണ, സന്തോഷ് പ്രതാപ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

2014ൽ മിഷ്‌കിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘പിസാസ്” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. നാഗയും പ്രയാഗ മാർട്ടിനും പ്രധാന വേഷത്തിൽ എത്തിയ ചിത്രം വൻ ഹിറ്റായിരുന്നു. നിയമപ്രശ്നങ്ങൾ പരിഹരിച്ചാൽ മാത്രമേ റിലീസ് ഉണ്ടാവൂ എന്നാണ് വിവരം.അതേസമയം വിക്രം – ഗൗതം വാസുദേവ് മേനോൻ ചിത്രം ധ്രുവനച്ചത്തിരവും സമാന സ്ഥിതി നേരിടുകയാണ്. അടുത്ത മാസം റിലീസ് ഉണ്ടാകും എന്നാണ് സൂചന. അങ്ങനെ സംഭവിച്ചാൽ പത്തു വർഷത്തിനുശേഷം ധ്രുവനച്ചത്തിരം പ്രേക്ഷകർക്ക് മുന്നിൽ എത്തും.


Source link

Back to top button