test del 5 copy of del 3
തിരിച്ചടവ് മുടങ്ങിയാൽ മൊബൈൽ ഫോൺ ‘ലോക്ക്’ ആകും; ധനകാര്യസ്ഥാപനങ്ങൾക്ക് റിസർവ് ബാങ്ക് അനുമതി

ന്യൂഡൽഹി∙ വായ്പയെടുത്ത് വാങ്ങിയ മൊബൈൽ ഫോൺ, ടാബ്ലെറ്റ് തുടങ്ങിയ ഉപകരണങ്ങളുടെ തിരിച്ചടവ് മുടങ്ങിയാൽ, വായ്പ നൽകിയ ധനകാര്യസ്ഥാപനങ്ങൾക്ക് അവ ഭാഗികമായി ‘ലോക്ക്’ ചെയ്യാൻ റിസർവ് ബാങ്ക് അനുമതി നൽകും. ഇതുസംബന്ധിച്ച് കരടുചട്ടം പൊതുജനാഭിപ്രായത്തിനായി പ്രസിദ്ധീകരിച്ചു. നിലവിൽ പല വായ്പാ സ്ഥാപനങ്ങളും ഇത്തരത്തിൽ ലോക്ക് ചെയ്യാറുണ്ടെങ്കിലും കൃത്യമായ ചട്ടമുണ്ടായിരുന്നില്ല. വായ്പ കുടിശികയായി 90 ദിവസം കഴിഞ്ഞാൽ മാത്രമേ ഉപകരണങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താനാകൂ. മൊബൈൽ ഫോൺ വായ്പകൾ കുടിശികയായി 60 ദിവസം കഴിഞ്ഞാൽ ധനകാര്യ സ്ഥാപനം നോട്ടിസ് നൽകണം. തുടർന്ന് 21 ദിവസം തിരിച്ചടവിന് അനുവദിക്കണം. എന്നിട്ടും പണമടച്ചില്ലെങ്കിൽ ഒരാഴ്ച കൂടി സമയം അനുവദിച്ച് രണ്ടാമത്തെ നോട്ടിസും നൽകണം. ഫോൺ ലോക്ക് ചെയ്യാൻ വായ്പാ കരാറിൽ ഉപഭോക്താവിന്റെ സമ്മതം വാങ്ങിയിട്ടുണ്ടെങ്കിൽ മാത്രമേ സ്ഥാപനങ്ങൾക്ക് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയൂ. കുടിശിക തുക തിരിച്ചടച്ച് ഒരു മണിക്കൂറിനുള്ളിൽ നിയന്ത്രണങ്ങൾ നീക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ, വൈകുന്ന ഓരോ മണിക്കൂറിനും 250 രൂപ വീതം ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ വായ്പാ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണ്. ലോക്ക് ചെയ്ത ഫോണുകളിലെ വ്യക്തിഗത വിവരങ്ങൾ ധനകാര്യസ്ഥാപനങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുത്. വായ്പ തിരിച്ചടച്ചാലുടൻ ഫോൺ ലോക്ക് ചെയ്യാനുള്ള ആപ്പുകൾ നീക്കം ചെയ്തിരിക്കണം. ലോൺ മുൻകൂറായി അടച്ചുതീർക്കാനും വായ്പയെടുത്ത വ്യക്തിക്ക് അവകാശമുണ്ടായിരിക്കും. ഫോൺ ലോക്കിങ്ങുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാനും സംവിധാനം വേണം.
Source link


