test del 4 copy of del 3
അബ്ദുൽ റഹീമിന്റെ ജയിൽ മോചനം: നടപടികൾ പൂർത്തിയായി; ശിക്ഷാ കാലാവധി 20ന് അവസാനിക്കും

ഫറോക്ക്(കോഴിക്കോട്) ∙ ഈ മാസം 20ന് ജയിൽ മോചിതനാകുന്ന കോടമ്പുഴ സീനത്ത് മൻസിലിൽ അബ്ദുൽ റഹീമിന്റെ തിരിച്ചുവരവിന് സൗദിയിലെ ഇന്ത്യൻ എംബസിയുടെ ഭാഗത്തു നിന്നുള്ള നടപടികൾ പൂർത്തിയായതായി റഹീം നിയമസഹായ സമിതി. ശിക്ഷാകാലാവധി 20ന് അവസാനിക്കുന്നതിനാൽ മടങ്ങി വരവിനുള്ള എമർജൻസി സർട്ടിഫിക്കറ്റ് ഇതിനകം എംബസി അനുവദിച്ചിട്ടുണ്ടെന്നു ചെയർമാൻ കെ.സുരേഷ്, കൺവീനർ കെ.കെ.ആലിക്കുട്ടി, റിയാദ് കമ്മിറ്റി രക്ഷാധികാരി അഷറഫ് വേങ്ങാട്ട് എന്നിവർ മാധ്യമങ്ങളോട് പറഞ്ഞു.21 മുതൽ 10 ദിവസം സൗദിയിൽ ബലിപെരുന്നാൾ അവധിയാണ്. ജയിലിൽ നിന്നു പുറത്തിറങ്ങിയാൽ റിയാദിലെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് കരുതുന്നത്. എക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി യാത്രാനുമതി ലഭിക്കുന്ന മുറയ്ക്ക് നാട്ടിലേക്ക് പുറപ്പെടാനാകും. പെട്ടെന്നു തന്നെ നാട്ടിലേക്ക് വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.വർഷങ്ങൾ നീണ്ട ഇടപെടലുകൾക്ക് ഒടുവിൽ, മാപ്പ് നൽകാൻ തയാറാണെന്ന് സൗദി ബാലന്റെ കുടുംബം റിയാദ് ക്രിമിനൽ കോടതിയെ അറിയിച്ചതിനെ തുടർന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി ഉത്തരവുണ്ടായത്. 34.35 കോടി രൂപ ദയാധനം സ്വീകരിച്ചാണു സൗദി കുടുംബം മാപ്പു നൽകിയത്. ജനകീയ ക്യാംപെയ്നിലൂടെ നടത്തിയ ധനസമാഹരണ യജ്ഞത്തിൽ 11.5 കോടിയിൽപരം രൂപ ബാക്കിയുണ്ട്. ഈ തുക എങ്ങനെ വിനിയോഗിക്കണമെന്ന് റഹീമിന്റെ മടങ്ങിവരവിന് ശേഷം ട്രസ്റ്റ് യോഗം ചേർന്നു തീരുമാനമെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
Source link


