test del 3
തീ പടർന്നത് കാറിന്റെ പിൻഭാഗത്ത് നിന്ന്, പെട്രോൾ ടാങ്കിൽ ചോർച്ചയില്ല; അപകടകാരണം കണ്ടെത്താനായില്ല

കോഴിക്കോട് ∙ ചെറുവണ്ണൂർ കക്കറമുക്കിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ കാറിനു തീപിടിക്കാനുള്ള കാരണം കണ്ടെത്താനായില്ല. കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീപിടിച്ചതെന്നാണ് ജില്ലാ ഫൊറൻസിക് വിഭാഗത്തിന്റെ കണ്ടെത്തൽ. പെട്രോളിൽ ഓടുന്ന വാഹനത്തിന്റെ ടാങ്കിൽ ചോർച്ച കണ്ടെത്തിയിട്ടില്ലെന്നാണ് വിവരം.കാർ ഓടിച്ച ഭർത്താവ് രജിൻലാൽ(34) 60 ശതമാനത്തോളം പൊള്ളലേറ്റ നിലയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ മോട്ടർവാഹന വകുപ്പും പരിശോധന നടത്തും. ചെറുവണ്ണൂർ കക്കറമുക്കിൽ വെള്ളിയാഴ്ച രാത്രി ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. മരിച്ച സോന ആറു മാസം ഗർഭിണിയായിരുന്നു. ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാറാണ് പെട്ടെന്ന് കത്തിയമർന്നത്.പേരാമ്പ്രയിൽനിന്ന് ഫയർഫോഴ്സ് യൂണിറ്റ് സംഭവസ്ഥലത്ത് എത്തിയ ശേഷമാണ് സോനയുടെ മൃതദേഹം പുറത്തെടുത്തത്. കാറിന്റെ മുൻഭാഗത്ത് വലിയ തോതിൽ തീപിടിച്ചിട്ടില്ല. മേപ്പയൂർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. സോനയുടെ മൃതദേഹം ശനിയാഴ്ച രാത്രി പാലേരി കല്ലിക്കണ്ടിയിലെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. മൂന്നു വർഷം മുൻപാണ് രജിൻലാലും സോനയും വിവാഹിതരായത്. പ്രണയവിവാഹം ആയിരുന്നു. വിദേശത്തായിരുന്ന രജിൻലാൽ ഒരു മാസം മുൻപാണ് നാട്ടിൽ എത്തിയത്. പാലേരി കല്ലിക്കണ്ടിമീത്തൽ ശ്രീനിവാസന്റെയും വസന്തയുടെയും മകളാണ് സോന. സഹോദരൻ: സോനു.
Source link


