കിലോയ്ക്ക് 700 രൂപ വരെ ലഭിക്കും, വേറിട്ട കൃഷിയിൽ ലാഭം കൊയ്ത് ബാലകൃഷ്ണൻ

ചെറിയനാട്ടിൽ സ്വന്തമായി ഒരുക്കിയ വയലിൽ എള്ള് കൃഷിയുമായി കർഷകൻ ബാലകൃഷ്ണപിള്ള.
ചെറിയനാട് : എള്ളുകൃഷിയുടെ അനന്തസാദ്ധ്യതകൾ ഉപയോഗപ്പെടുത്തി പുതിയൊരു കാർഷികസംസ്കാരത്തിന് നിലമൊരുക്കുകയാണ് ചെറിയനാട് ഒന്നാംവാർഡിലെ ഒറ്റത്തെങ്ങിൽ വീട്ടിൽ ബാലകൃഷ്ണപിള്ള. പിതാവിൽ നിന്ന് ലഭിച്ച അറിവുകളെ ചുവടുകളാക്കിയായിരുന്നു കാർഷികമേഖലയിലെ തുടക്കം. അഞ്ച് വർഷം മുമ്പ് എള്ളുകൃഷി ആരംഭിച്ചു. കൃഷിഭവനിൽ നിന്ന് വിത്ത് വാങ്ങി പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്തു. ഒരു കിലോ വിത്ത് 450 രൂപയ്ക്കാണ് വാങ്ങിയത്. മൂന്ന് മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയുന്ന വിളയാണ് എള്ള്. ഇപ്പോൾ 60 സെന്റിലാണ് എള്ള് കൃഷി ചെയ്യുന്നത്. കഴിഞ്ഞവർഷം 15 കിലോ എള്ള് വിറ്റതായി ബാലകൃഷ്ണൻ പറഞ്ഞു. കിലോയ്ക്ക് 500 രൂപ ലഭിച്ചു. കൂടാതെ എള്ളിൽ നിന്ന് 45 കിലോ എണ്ണയും ലഭിച്ചു. എണ്ണയ്ക്ക് കിലോയ്ക്ക് 700 രൂപ വരെ വില ലഭിച്ചു.
എള്ളിനൊപ്പം നെൽകൃഷിയും സജീവമായി തുടരുന്നുണ്ട്. സ്വന്തമായി 50 സെന്റിലും പാട്ടത്തിന് മൂന്ന് ഏക്കറിലും നെല്ല് കൃഷി ചെയ്യുന്നു. ഇതുകൂടാതെ കപ്പ, വാഴ, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയ കൃഷികളുമുണ്ട്. താമരക്കൃഷിയിലും സജീവമാണ്. ഭാര്യ ലളിതയും മക്കളായ ബിജീഷും ബിനീഷും കൃഷിയെ സ്നേഹിക്കുന്നവരാണ്.
എള്ളുകൃഷി എളുപ്പമെന്ന് തോന്നും. എന്നാൽ കൂടുതൽ അദ്ധ്വാനം വേണം. പറിച്ചെടുക്കുന്നതു മുതൽ ഉണക്കുന്നതുവരെ കഷ്ടപ്പാടാണ്. എങ്കിലും നെല്ലിനേക്കാൾ ലാഭം എള്ളിനുണ്ട്.
ബാലകൃഷ്ണപിള്ള, കർഷകൻ
എള്ളിന്റെ വില (കിലോയ്ക്ക്) : 500 രൂപ
എള്ളെണ്ണയുടെ വില (കിലോയ്ക്ക്) : 700 രൂപ
ജൈവകൃഷി
രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെയാണ് ബാലകൃഷ്ണന്റെ കൃഷിരീതി. ചാണകപ്പൊടി, ചാരം, വീട്ടിലെ ജൈവവളം എന്നിവ മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ചെലവും കുറവാണ്. എള്ള് കർഷകർക്ക് സർക്കാർ സഹായങ്ങൾ ലഭിക്കുന്നില്ല.
എള്ളുകൃഷി വേറിട്ട കൃഷിയാണെന്ന് ചൂണ്ടിക്കാട്ടി രേഖകൾ സമർപ്പിച്ചെങ്കിലും സഹായം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
Source link


