LATEST

വിലയിൽ വൻകുതിപ്പ്,​ കിലോയ്ക്ക് 6000 രൂപ കടന്നു,​ കോളടിച്ചത് ഇവർക്ക്


അടിമാലി: ഏലക്കായുടെ വിപണി വില റെക്കാഡുകൾ ഭേദിച്ച് മുന്നേറുമ്പോഴും ഇതിന്റെ ഗുണഫലം ലഭിക്കാതെ ഹൈറേഞ്ചിലെ സാധാരണ കർഷകർ. ഉത്പാദനത്തിലെ വൻ ഇടിവും കടുത്ത വേനലുമാണ് വില വർദ്ധനവിന് കാരണമായതെങ്കിലും കൈയിൽ വിൽക്കാൻ ചരക്കില്ലാത്ത അവസ്ഥയിലാണ് ഭൂരിഭാഗം കർഷകരും. ഈ സീസണിലെ ഏറ്റവും ഉയർന്ന വിലയാണ് കഴിഞ്ഞ ദിവസങ്ങളിൽ ലേല കേന്ദ്രങ്ങളിൽ രേഖപ്പെടുത്തിയത്. ബുധനാഴ്ച നടന്ന ലേലത്തിൽ കിലോയ്ക്ക് 6,024 രൂപ വരെ ഉയർന്ന വില ലഭിച്ചു. ശരാശരി വില 2,600 രൂപയ്ക്കും 2,700 രൂപയ്ക്കും ഇടയിലാണ്. ഇടുക്കി മഹിളാ കാർഡമം പ്രൊഡ്യൂസർ കമ്പനി, സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി എന്നിവിടങ്ങളിൽ നടന്ന ലേലങ്ങളിലും മികച്ച വിലയാണ് ലഭിച്ചത്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായുണ്ടായ കടുത്ത വേനലും ഫംഗസ് ബാധയും കാരണം 40 ശതമാനത്തോളം കൃഷി നശിച്ചതിനാൽ ഉത്പാദനം പകുതിയായി കുറഞ്ഞു. വിപണിയിലെ വിലവർദ്ധന സാധാരണ കർഷകന്റെ സാമ്പത്തിക സ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടാക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. വ്യാപാരികളുടെ ചൂഷണം
ലേല കേന്ദ്രങ്ങളിൽ വലിയ വില ലഭിക്കുമ്പോഴും ചെറുകിട കർഷകർ ആശ്രയിക്കുന്ന പ്രാദേശിക വ്യാപാര സ്ഥാപനങ്ങളിൽ കർഷകർ ചൂഷണം ചെയ്യപ്പെടുകയാണ്. ലേല കേന്ദ്രത്തിലെ ശരാശരി വിലയേക്കാൾ 200 മുതൽ 300 രൂപ വരെ കുറച്ചാണ് വ്യാപാരികൾ കർഷകരിൽ നിന്ന് ഏലയ്ക്ക വാങ്ങുന്നത്. വിൽക്കുന്ന ചരക്കിന് യഥാസമയം പണം നൽകുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.


Source link

Back to top button