വി.ഐ.പി ഡ്യൂട്ടിയിലുള്ള മെഡിക്കൽ ഓഫീസർമാർക്ക് മേൽ സമ്മർദ്ദം വേണ്ട: മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം : വി.ഐ.പി ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന മെഡിക്കൽ ഓഫീസർമാർക്ക് സമ്മർദ്ദമില്ലാതെ ജോലി നിർവഹിക്കുന്നതിനായി മാർഗനിർദ്ദേശം പുറത്തിറക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് കമ്മിഷനിൽ സമർപ്പിച്ച ശുപാർശകൾ ഉൾപ്പെടുത്തിയാവണം ഇത്. പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിനും ആരോഗ്യവകുപ്പിനുമാണ് നിർദ്ദേശം. വി.ഐ.പികളുടെ മെഡിക്കൽ ടീമിൽ നിയോഗിക്കപ്പെടുന്ന ഓഫീസർമാർ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ) സമർപ്പിച്ച പരാതിയിലാണ് നടപടി.പ്രതിദിനം മിനിമം 5 ഡോക്ടർമാരെയെങ്കിലും ഉൾപ്പെടുത്തി ഡി.എം.ഒമാർ വി.ഐ.പി ഡ്യൂട്ടിക്ക് നിയോഗിക്കേണ്ട ഡോക്ടർമാരുടെ പ്രതിമാസ പട്ടിക തയ്യാറാക്കണം. വി.ഐ.പിക്ക് താമസ സൗകര്യം ഒരുക്കുന്ന സ്ഥലത്തിന് സമീപം മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യ വകുപ്പ് ജീവനക്കാർക്കും താമസ സൗകര്യം ഒരുക്കണം. ജീവനക്കാർക്ക് താമസവും ഭക്ഷണവും ഒരുക്കേണ്ട ചുമതല ജില്ലാകളക്ടർമാർക്കായിരിക്കണം. വി.ഐ.പി ഡ്യൂട്ടിക്കായി ആധുനിക സൗകര്യങ്ങളുള്ള ശീതീകരിച്ച ആംബുലൻസുകൾ വാങ്ങണം. എല്ലാ ജില്ലകളിലും വി.ഐ.പി ഡ്യൂട്ടി നിർവ്വഹിക്കേണ്ട മെഡിക്കൽ ഓഫീസർമാരുടെ പട്ടിക തയ്യാറാക്കുന്ന കാര്യം ഭാവിയിൽ പരിഗണിക്കണം- കമ്മിഷൻ നിർദ്ദേശിച്ചു.
Source link

