test del 3
മലാപ്പറമ്പിലെ അപകട മരണം: പൊലീസ് അന്വേഷണം തുടങ്ങി; നിർത്താതെ പോയ കാർ കണ്ടെത്താൻ ശ്രമം

കോഴിക്കോട് ∙ മലാപ്പറമ്പ് സർവീസ് റോഡിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു കണ്ണൂർ സ്വദേശി കെ.പ്രഗിൽ(37) മരിച്ച സംഭവത്തിൽ നടക്കാവ് പൊലീസ് അന്വേഷണം തുടങ്ങി. സ്വകാര്യ ആശുപത്രിയിൽ നിന്നു കാർ സർവീസ് റോഡിലേക്ക് ഇറങ്ങി എതിർ ദിശയിലേക്ക് തിരിയാൻ ശ്രമിച്ചപ്പോൾ സ്കൂട്ടർ നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചതാകാനാണു സാധ്യതയെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ കാർ പോയത് പൊലീസ് അന്വേഷിക്കുന്നുണ്ട്.അപകടത്തിന്റെ ശബ്ദം കേട്ട് സ്ഥലത്ത് എത്തിയതെന്നാണ് ആശുപത്രിയിലെ ജീവനക്കാരൻ ആദ്യം പറഞ്ഞത്. സിസിടിവി പരിശോധിച്ചതിൽ ഈ സമയം ആശുപത്രിയിൽ നിന്നു കാർ പുറത്തേക്കിറങ്ങുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാർ പുറത്തിറക്കാൻ ജീവനക്കാരൻ ഗേറ്റിലെ തടസ്സം കെട്ടിയ കയർ അഴിച്ചു കൊടുക്കണം. ഈ സാഹചര്യത്തിൽ അപകടം നടന്നത് ജീവനക്കാരന് അറിയാമെന്നാണ് പൊലീസ് നിഗമനം. പൊലീസ് ജീവനക്കാരനിൽ നിന്നു മൊഴിയെടുക്കും. സ്വകാര്യ മൊബൈൽ ഫോൺ കമ്പനിയിൽ ടെറിട്ടോറിയൽ മാനേജരായ പ്രഗിൽ കൂടെ ജോലി ചെയ്യുന്ന കുണ്ടൂപ്പറമ്പ് സ്വദേശി സുഹൃത്ത് അക്ഷയിനെ കുണ്ടൂപ്പറമ്പിൽ എത്തിച്ചു താമസ സ്ഥലമായ കുറ്റിക്കാട്ടൂരിലേക്ക് പോകുമ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.
Source link


