ഇന്ത്യയിൽ 14 സ്കൂള്‍ കുട്ടികളിൽ ഒരാള്‍ക്ക് അമിതവണ്ണമെന്ന് പഠനം; മുന്നിൽ ഉത്തരേന്ത്യ

ന്യൂഡൽഹി: കുട്ടികളിലെ അമിതവണ്ണം ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഒരു പ്രധാന പൊതുജനാരോഗ്യ പ്രശ്നമാണ്. ഇപ്പോഴിതാ രാജ്യത്തെ സ്കൂൾ കുട്ടികളിൽ ഏതാണ്ട് 7 ശതമാനത്തോളം പേർ അമിതവണ്ണമുള്ളവരാണെന്ന‍് കണ്ടെത്തിയിരിക്കുകയാണ് ഒരു പുതിയ പഠനം. ഐ.സി.എം.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ മെഡിസിൻ ഇന്ത്യയിലെയും യുകെയിലെയും ഗവേഷകരുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 1995-നും 2023-നും ഇടയിൽ നടന്ന 125 പഠനങ്ങളിൽ നിന്നുള്ള വിവരങ്ങൾ വിശകലനം ചെയ്താണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
‘ഇന്ത്യൻ ജേണൽ ഓഫ് കമ്മ്യൂണിറ്റി മെഡിസിനിൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം രാജ്യത്തെ കുട്ടികളിൽ 6.97 ശതമാനം പേരും അമിതവണ്ണമുള്ളവരാണ്. ഏറ്റവും കൂടുതൽ അമിതവണ്ണമുള്ള കുട്ടികളുള്ളത് വടക്കേ ഇന്ത്യയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 8.58% ആണ് ഇവിടെത്തെ നിരക്ക്. ഏറ്റവും കുറവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് മദ്ധ്യ ഇന്ത്യയിലാണ് (5.63%). മാറുന്ന ഭക്ഷണരീതികൾ, ശാരീരിക പ്രവർത്തനങ്ങളുടെ കുറവ്, വ്യായാമമില്ലായ്മ, ദീർഘനേരം ടിവി/ഫോൺ എന്നിവയ്ക്ക് മുന്നിൽ ചെലവഴിക്കുന്നത് എന്നിവയാണ് അമിതവണ്ണം കൂടാൻ കാരണമെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ജങ്ക് ഫുഡുകൾ, മധുരപാനീയങ്ങൾ, പ്രോട്ടീൻ കുറഞ്ഞ ഭക്ഷണക്രമം എന്നിവയും കുട്ടികളിൽ അമിതവണ്ണത്തിന് കാരണമാകുന്നു.
ഇത്തരത്തിൽ കുട്ടിക്കാലത്ത് ഉണ്ടാകുന്ന അമിതവണ്ണം ഭാവിയിൽ പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്നതിനാൽ, ഈ പഠനത്തിലെ കണ്ടെത്തലുകൾ വലിയ പൊതുജനാരോഗ്യ പ്രശ്നത്തെയാണ് ചൂണ്ടികാട്ടുന്നത്. ഭക്ഷണരീതിയിൽ മതിയായ ശ്രദ്ധ നൽകുകയാണ് അമിതവണ്ണം നിയന്ത്രിക്കാനുള്ള ആദ്യ വഴി. മധുരപാനീയങ്ങൾ ഒഴിവാക്കുന്നതും വീട്ടിലുണ്ടാക്കുന്ന സമീകൃത ആഹാരത്തിലേക്ക് മാറുന്നതും ഭാവിയിലെ ആരോഗ്യപ്രശ്നങ്ങൾ വലിയൊരു പരിധി വരെ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്. ദിവസവും കളിക്കാനോ, വ്യായാമം ചെയ്യാനോ അവരെ നിർബന്ധിക്കാം. ടിവി, കമ്പ്യൂട്ടർ എന്നിവ ഉപയോഗിക്കാൻ ഒരു നിശ്ചിത സമയം മാത്രം അനുവദിക്കുക. ശരിയായ ഉറക്കം അവർക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇതുവഴി കുട്ടികളിലെ അമിതവണ്ണ തടയാൻ സാധിക്കുമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
Source link


