ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും രാത്രി ഇതുവഴി പോകാൻ പേടിക്കുന്നു, കാരണം ആ കാഴ്‌ച

മാന്നാർ: മാന്നാർ ചെങ്ങന്നൂർ റോഡരികിലെ വൻമരങ്ങൾ യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്നു. കുട്ടംപേരൂർ ഇട്ടിനായർ കടവ് പാലത്തിന്(മുട്ടേൽ പാലം) കിഴക്കുവശം മുതൽ റോഡിന്റെ ഇരുവശങ്ങളിലും നിൽക്കുന്ന കൂറ്റൻ മരങ്ങളാണ് ഏതുനിമിഷവും കടപുഴകി വീഴാവുന്ന അവസ്ഥയിലുള്ളത്. കഴിഞ്ഞയാഴ്ച രാത്രി ഇതുവഴി പോയ എണ്ണയ്ക്കാട് സ്വദേശി കൊയ്‌തോടത്ത് സന്തോഷ് ജോർജും കുടുംബവും സഞ്ചരിച്ച കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണ് അപകടമുണ്ടായിരുന്നു. വലിയൊരു ദുരന്തത്തിൽ നിന്നാണ് കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഭാരമേറിയ ചില്ലകൾ ഹൈടെൻഷൻ ലൈനുകൾക്ക് മുകളിലേക്ക് പടർന്നുനിൽക്കുന്നത് ചെറിയൊരു കാറ്റിലോ മഴയിലോ പോലും വലിയൊരു വൈദ്യുതാഘാതത്തിനോ ഷോർട്ട് സർക്യൂട്ടിനോ കാരണമായേക്കാം. മരച്ചില്ലകൾ തട്ടി വൈദ്യുതിക്കമ്പികൾ പൊട്ടിവീഴാനോ, വൈദ്യുത പോസ്റ്റുകൾക്ക് ബലക്ഷയം സംഭവിക്കാനുള്ള സാദ്ധ്യതയും കൂടുതലാണ്. രാത്രികാലങ്ങളിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്.
കാലവർഷം തൊട്ടടുത്ത് നടപടിവേണംമഴക്കാലം ആരംഭിക്കാനിരിക്കെ, അടിയന്തര ഇടപെടൽ നടത്തി മരങ്ങൾ മുറിച്ചുമാറ്റി സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ചെറിയ കാറ്റ് വീശിയാൽ പോലും മരത്തിന്റെ ശിഖരങ്ങൾ ഒടിയുന്നതും ഈ ഭാഗത്ത് പതിവായിരിക്കുകയാണ്. 11കെ.വി. ഹൈവോൾട്ടേജ് ലൈനുകൾക്ക് മുകളിലേക്ക് വളർന്നുനിൽക്കുന്ന ഈ മരങ്ങൾ എത്രയും വേഗം വെട്ടിമാറ്റിയില്ലെങ്കിൽ അപകടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് നാട്ടുകാരും യാത്രക്കാരും. ലൈനുകൾക്ക് മുകളിൽ മരം വീണാൽ ഷോർട്ട് സർക്യൂട്ട് ഉൾപ്പെടെയുള്ള അപകടങ്ങൾക്കും സാദ്ധ്യതയുണ്ട്. നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ട്. യാത്രക്കാരുടെ ജീവൻ വച്ച് പന്താടുകയാണ് ഉദ്യോഗസ്ഥരെന്നും ദുരന്തമുണ്ടായ ശേഷം മാത്രമേ അധികൃതർ ഉണർന്നു പ്രവർത്തിക്കൂ എന്നുമാണ് നാട്ടുകാരുടെ ആക്ഷേപം.
Source link


