test del 2
സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറില്ല; ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ

വാഷിങ്ടൺ: സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ. അത്തരത്തിലൊരു ധാരണയോ ചർച്ചയോ ഉണ്ടായിട്ടില്ലെന്ന് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറാൻ ഇറാൻ തയ്യാറായതായി ട്രംപ് അവകാശപ്പെട്ടത്.എന്നാൽ ട്രംപിന്റെ അവകാശവാദങ്ങൾ പൂർണമായും തള്ളി ഇറാൻ രംഗത്തെത്തി. ട്രംപിന്റെ അവകാശവാദം നുണയാണെന്നും അത്തരത്തിൽ ഒരു ചർച്ചയും നടന്നിട്ടില്ലെന്നുമാണ് ഇറാനിയൻ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അമേരിക്കയിലേക്കുള്ള ആണവ ഉത്പന്നങ്ങളുടെ കൈമാറ്റത്തെക്കുറിച്ച് യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെടുന്നു.ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ട് ഇറാനിയൻ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള മറ്റൊരു റിപ്പോർട്ടും പുറത്തുവന്നു. ട്രംപ് പറയുന്നത് നുണയാണെന്നും നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് റിപ്പോർട്ട്. ഇറാൻ മുന്നോട്ടു വെച്ച വ്യവസ്ഥകൾ പൂർണ്ണമായി പാലിക്കുന്നതിനെ ആശ്രയിച്ചാണ് തുടർ ചർച്ചകൾ ഉണ്ടാകുകയെന്നും റിപ്പോർട്ടിൽ പറയുന്നു. അതായത് യുഎസ് പ്രസിഡന്റിന്റെ അവകാശവാദങ്ങളെ പൂർണമായും തള്ളുകയാണ് ഇറാനിയൻ കേന്ദ്രങ്ങൾ.ആണവായുധ മോഹം ഉപേക്ഷിക്കുക, ആണവ സാമഗ്രികൾ കൈമാറുക എന്നിവയ്ക്ക് പുറമെ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കാനുമുള്ള വ്യവസ്ഥകൾ കരാറിൽ ഉൾപ്പെടുമെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. സമാധാന കരാർ യാഥാർഥ്യമായാൽ പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് അത് ഒപ്പിട്ടേക്കുമെന്നും താൻ അതിൽ പങ്കെടുത്തേക്കുമെന്നും ട്രംപ് സൂചിപ്പിച്ചു. നിലവിലെ രണ്ടാഴ്ചത്തെ വെടിനിർത്തൽ നീട്ടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുള്ളിൽ തന്നെ ഒരു പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാൻ ഈ കരാർ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന മുന്നറിയിപ്പും അമേരിക്ക നൽകിയിട്ടുണ്ട്.
Source link


