test del 4 copy of del 3

‘വോട്ടെണ്ണൽ കഴിയും വരെ ഒരു മുറിയും തുറക്കരുത്’: മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ; നെന്മാറയിൽ സ്ട്രോങ് റൂം തുറക്കുന്നത് മാറ്റി


‌തിരുവനന്തപുരം/പാലക്കാട്∙ കോഴിക്കോടും പാലക്കാടും സ്‌ട്രോങ് റൂമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തില്‍ ഇടപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍. പോളിങ്ങിനു ശേഷം തിരഞ്ഞെടുപ്പ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്ന വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സീല്‍ ചെയ്തതും അല്ലാത്തതുമായ മുറികള്‍ ഒരു കാരണവശാലും തുറക്കരുതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശം നല്‍കി. വോട്ടെണ്ണല്‍ കഴിയും വരെ മെറ്റീരിയല്‍ റൂം ഉള്‍പ്പെടെ ഒരു മുറിയും തുറക്കാന്‍ പാടില്ലെന്നാണ് 14 ജില്ലാ കലക്ടര്‍മാര്‍ക്കും റിട്ടേണിങ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ കൈവശം വയ്‌ക്കേണ്ട രേഖകള്‍ മുറികളില്‍ വച്ച് പൂട്ടിയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഉദ്യോഗസ്ഥര്‍ക്കാണ്. അതിന്റെ പേരില്‍ വോട്ടെണ്ണല്‍ ദിവസത്തിനു മുന്‍പ് മുറികള്‍ തുറക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. അത് സംശയത്തിനിടയാക്കുകയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും. അങ്ങനെ ചെയ്യുന്നത് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കു വിരുദ്ധമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചിട്ടുണ്ട്. ഇന്‍ഡക്‌സ് കാര്‍ഡ് തയാറാക്കാനോ എന്‍കോര്‍ പോര്‍ട്ടലിലെ വിവരങ്ങള്‍ പരിശോധിക്കാനോ മുറി തുറക്കരുതെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കോഴിക്കോട്ട് വെള്ളിമാടുകുന്ന് ജെഡിടി സെന്ററിലെ പേരാമ്പ്ര മണ്ഡലത്തിന്റെ സ്ട്രോങ് റൂമിനോടു ചേർന്നുള്ള മെറ്റീരിയൽ റൂം തുറന്ന് വൻ വിവാദമായിരിക്കേയാണ് നെന്മാറയിൽ സ്ട്രോങ് റൂം തുറക്കാൻ കമ്മിഷൻ തീരുമാനിച്ചത്. ഇതിനു പിന്നാലെയാണ് മുഖ്യ തിര‍ഞ്ഞെടുപ്പ് ഓഫിസറുടെ ഉത്തരവ്. അതേസമയം നെന്മാറയിൽ റൂം തുറക്കുന്ന വിവരം സ്ഥാനാർഥികളെ ഫോണിൽ വിളിച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചതെന്ന് നെന്മാറയിലെ യുഡിഎഫ് സ്ഥാനാർഥി എ.തങ്കപ്പൻ പറഞ്ഞു. അതിൽ അസ്വാഭാവികതയുണ്ടെന്നും സ്ഥാനാർഥികളെ രേഖാമൂലം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.


Source link

Back to top button