test del 3
അടി, ഇ.ഡി; ഒടുവിൽ ബിജെപിയിൽ അഭയം: കെട്ട് അഴിയുന്ന എഎപി

ന്യൂഡൽഹി ∙ ഇടയ്ക്കിടെ ഈർക്കിലുകൾ ഊർന്നുപോകുന്നുണ്ടായിരുന്നു; ഇപ്പോൾ ചൂലിന്റെ കെട്ടുതന്നെ അഴിയാമെന്ന സ്ഥിതിയായി. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ കക്ഷിയിലുണ്ടായ വലിയ പിളർപ്പ് അതാണു സൂചിപ്പിക്കുന്നത്. ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യുടെ ഭാഗമാണ് സംഭവമെന്നും വ്യക്തം. സമീപകാലത്ത് ഇത്രയേറെ ആഘാതങ്ങളേറ്റ മറ്റൊരു പാർട്ടിയില്ല. ഡൽഹിയിലെ മദ്യനയ അഴിമതിക്കേസിനു പിന്നാലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിക്കു കനത്ത പരാജയമുണ്ടായി. മദ്യനയ അഴിമതിക്കേസിൽ വിചാരണക്കോടതിയിൽനിന്നു കേജ്രിവാളിന് അനുകൂലവിധി ലഭിച്ചെങ്കിലും ഹൈക്കോടതിയിലെ സാഹചര്യങ്ങൾ അനുകൂലമല്ല.മദ്യനയക്കേസിൽ കേജ്രിവാളും അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ജയിലിലായതിനു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാനിന്റെ നേതൃത്വത്തിൽ പാർട്ടി പിളരുമെന്നു ശ്രുതിയുണ്ടായിരുന്നു. അതുണ്ടായില്ല. പഞ്ചാബിൽ അടുത്ത ഫെബ്രുവരിയിലാണ് നിയമസഭാ തിരഞ്ഞെടുപ്പ്. അവിടെ ഭരണകക്ഷിയായ എഎപി, ഗുരു ഗ്രന്ഥ സാഹിബിന്റെ പവിത്രത സംരക്ഷിക്കുന്നതിനെന്നോണം മതനിന്ദയ്ക്കെതിരെ കടുത്ത വ്യവസ്ഥകളുള്ള നിയമം പാസാക്കിയിട്ട് ഏതാനും ദിവസങ്ങളേ ആയിട്ടുള്ളൂ. അതിലൂടെയുണ്ടാകാവുന്ന രാഷ്ട്രീയ നേട്ടമോർത്ത് ആഹ്ലാദിക്കാൻ രാജ്യസഭയിലെ 7 പേർ അവസരം നൽകിയില്ലെന്നു പറയാം.ബിജെപിയിലേക്കു പോയ എഎപി എംപിമാരിൽ രാഘവ് ഛദ്ദയും സന്ദീപ് പാഠക്കും സ്വാതി മലിവാളും നേരത്തേ കേജ്രിവാളിന്റെ വിശ്വസ്തരായി അറിയപ്പെട്ടിരുന്നവരാണ്. മറ്റു 4 പേരിൽ, ഹർഭജൻ സിങ് ഒഴികെ 3 പേരും വ്യവസായ പശ്ചാത്തലമുള്ളവരാണ്. പാർട്ടിയിലെ സജീവ പ്രവർത്തകരെ ഒഴിവാക്കി വ്യവസായികളെ രാജ്യസഭയിലേക്ക് അയച്ചതിൽ പാർട്ടിയിൽ എതിർപ്പുകളുണ്ടായിരുന്നു.
Source link


