ശബരിമലയിൽ ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്ന് ഹെലികോപ്റ്റർ; റിപ്പോർട്ട് സമർപ്പിക്കാൻ എഡിജിപിക്ക് നിർദേശം

പത്തനംതിട്ട: ശബരിമലസന്നിധാനത്ത് ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്ന് ഹെലികോപ്റ്റർ. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് കോസ്റ്റ്ഗാർഡിന്റെ ചേതക് ഹെലികോപ്റ്റർ ക്ഷേത്രത്തിന് മുകളിലൂടെ പറന്നത്. അതീവ സുരക്ഷാമേഖലയിലൂടെ ഹെലികോപ്റ്റർ താഴ്ന്നുപറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷ്യൽ കമ്മീഷണർ, എഡിജിപി എസ് ശ്രീജിത്തിന് നിർദേശം നൽകി. സാങ്കേതിക പ്രശ്നം നേരിട്ടതുകൊണ്ടെന്നാണ് ഹെലികോപ്റ്റർ ഇതുവഴി പറന്നതെന്നാണ് കോസ്റ്റ് ഗാർഡിന്റെ വിശദീകരണം. ജിപിഎസിന്റെ അടിസ്ഥാനത്തിലാണ് ഹെലികോപ്റ്റർ സഞ്ചരിക്കുന്നതെന്നും നിരീക്ഷണത്തിനായി പോയസമയത്ത് അന്തരീക്ഷം മേഘാവൃതമായപ്പോൾ ദിശ മാറി സഞ്ചരിച്ചതാണെന്നുമാണ് കോസ്റ്റ് ഗാർഡ് പറയുന്നത്. ഹെലികോപ്റ്ററിനുള്ളിൽ മൂന്നിലധികം പേരുണ്ടായിരുന്നതായാണ് പ്രാഥമികവിവരം. ഇവർ ശ്രീകോവിലിന്റെ ചിത്രങ്ങളെടുത്തിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നും സ്പെഷ്യൽ കമ്മീഷണർ നിർദേശം നൽകി.
Source link


