test del 4 copy of del 3
‘മിനി ലോക്ഡൗൺ’: നാടിനെ വിജനമാക്കി പകൽത്തീച്ചൂട്; ഒഴിഞ്ഞു കിടക്കുന്ന നഗരവീഥികൾ, യാത്രക്കാർ കുറഞ്ഞ ബസുകൾ…

കൊല്ലം∙ ഒഴിഞ്ഞു കിടക്കുന്ന നഗരവീഥികൾ, ചെറിയ തണലുകളിൽ കൂടിയിരിക്കുന്ന മനുഷ്യർ, വെറുതെയിരിക്കുന്ന തെരുവോര കച്ചവടക്കാർ, യാത്രക്കാർ കുറഞ്ഞ ബസുകൾ, ജൂസ് കടകൾക്കു മുന്നിലുള്ള വലിയ ക്യൂ… കടുത്ത ചൂടിൽ നാടിന്റെ പകൽചിത്രം മാറിമറിയുകയാണ്. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയെങ്കിലും മിനി ലോക്ഡൗൺ രീതിയിലേക്കു മാറിയിരിക്കുകയാണ് ജില്ല. പാലക്കാട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ലയായി കൊല്ലം മാറിയതോടെ ജീവിതരീതികൾ തന്നെ മാറ്റി ചൂടിനെ നേരിടുകയാണ് ജനം. ഉച്ച സമയങ്ങളിൽ റോഡിലൂടെ നടക്കുന്നവരെല്ലാം ഒന്നുകിൽ കുട ഉപയോഗിക്കുകയോ അല്ലെങ്കിൽ വസ്ത്രം ഉപയോഗിച്ചു തലയും മുഖവും മറയ്ക്കുകയോ ചെയ്തിട്ടുണ്ടാവും. ചെറുമരത്തിന്റെ തണലെങ്കിലുമുള്ള ഇടങ്ങളിലാണ് മിക്കവരും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. കൊല്ലം ബീച്ച് അടക്കമുള്ള മേഖലകൾ ഉച്ചയ്ക്കു വിജനമാണ്. ഇവിടെയും ചെറുതണലുകളിൽ കൂട്ടത്തോടെ ആളുകൾ വിശ്രമിക്കുന്നുണ്ടാകും. നഗരങ്ങളിലും ജംക്ഷനുകളിലും ഇരുചക്ര വാഹനങ്ങൾ വലിയ ബുദ്ധിമുട്ടാണ് ചൂടിൽ നേരിടുന്നത്. ട്രാഫിക് ജംക്ഷനുകളിൽ കുറച്ചു സമയം കാത്തുനിൽക്കുമ്പോഴേക്കും പലരും വിയർത്തു കുളിക്കുന്നു. ട്രാഫിക് ജംക്ഷനു തൊട്ടുപിറകിലുള്ള മരത്തിന്റെയോ മറ്റോ മറവിൽ നിന്ന ശേഷം പച്ച ലൈറ്റ് കത്തുമ്പോൾ മാത്രമാണ് പലരും മുന്നോട്ടുപോകുന്നത്. ചൂടിൽ വീണ്ടും കാത്തിരിക്കാൻ സാധിക്കാത്തതിനാൽ വാഹനങ്ങൾ ട്രാഫിക് കടക്കാൻ വേഗത്തിൽ ശ്രമിക്കുന്നത് അപകടം വരുത്തുമെന്നുള്ള ആശങ്കയുമുണ്ട്. മുൻപത്തെ പോലെ ജംക്ഷനുകളിൽ വെയിലത്തു നിന്നു ഗതാഗതം നിയന്ത്രിക്കാൻ ട്രാഫിക് വാർഡന്മാർക്കോ പൊലീസിനോ ഇപ്പോൾ സാധിക്കുകയുമില്ല.
Source link


