LATEST

പാലക്കാട്  ഒറ്റപ്പാലത്ത് മേജർ  രവി  എൻഡിഎ  സ്ഥാനാർത്ഥി; ഉടൻ പ്രഖ്യാപനമുണ്ടാവുമെന്ന് വിവരം


പാലക്കാട്: ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ സംവിധായകനും നടനുമായ മേജർ രവി എൻഡിഎ സ്ഥാനാർത്ഥിയാകുമെന്ന് വിവരം. മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിൽ മേജർ രവി സന്ദർശനം ന‌ടത്തിയിരുന്നു. ഒറ്റപ്പാലത്തെ ബിജെപി വെസ്റ്റ് ജില്ലാ കമ്മിറ്റി ഓഫീസിലും അദ്ദേഹമെത്തി. ജില്ലാ പ്രസിഡന്റ് പി വേണുഗോപാലൻ ഷാൾ അണിയിച്ചാണ് അദ്ദേഹത്തെ സ്വീകരിച്ചത്. പാലക്കാട് കടമ്പഴിപ്പുറം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ശ്രീ വായില്ല്യംകുന്ന് ഭഗവതി ക്ഷേത്രത്തിൽ എത്തിയതിന്റെ ദൃശ്യങ്ങൾ മേജർ രവി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരുന്നു.എൻഡിഎ ഏറെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ഒറ്റപ്പാലം. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളും എൻ‌ഡിഎ 25,000ലേറെ വോട്ട് നേടിയിരുന്നു. കഴിഞ്ഞ മൂന്ന് തവണയും പി വേണുഗോപാലായിരുന്നു സ്ഥാനാർത്ഥി. അതേസമയം, സ്ഥാനാർത്ഥി നിർണയത്തിൽ തീരുമാനമായില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മാത്രമേ പറയാനാകൂവെന്നും ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. മേജർ രവിക്ക് പുറമെ പാലക്കാട് ജില്ലാ മുൻ പ്രസിഡന്റ് കെ എം ഹരിദാസ്, മദ്ധ്യമേഖലാ ജനറൽ സെക്രട്ടറി ടി ശങ്കരൻകുട്ടി എന്നിവരും സാദ്ധ്യതാ പട്ടികയിലുണ്ട്.


Source link

Back to top button