test del 3
കെണിയൊരുക്കും വായ്പ ആപ്പുകൾ; തിരിച്ചടവു മുടങ്ങിയാൽ ഭീഷണി, മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കുമെന്ന വിരട്ടൽ…

കൊല്ലം ∙ വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം ബോധവൽക്കരണത്തിലൂടെയും മറ്റും കുറഞ്ഞിട്ടുണ്ടെങ്കിലും ഇടയ്ക്കിടെയുണ്ടാകുന്ന പരാതികൾ കൊല്ലം ജില്ലയിലെ സൈബർ സെല്ലിനെ ആശങ്കപ്പെടുത്തുന്നു. കണ്ണൂർ ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയതിനു പിന്നാലെ വായ്പ ആപ്പിന് എതിരെ കേസ് എടുക്കുന്ന സാഹചര്യമുണ്ടായി. വായ്പ എടുക്കുന്നവരുടെ ജീവനെടുക്കുന്ന തലത്തിലേക്ക് ഇത്തരം ആപ്പുകൾ മാറിയെന്നതാണു ഗൗരവതരം. രേഖകളൊന്നും ഇല്ലാതെ തന്നെ മിനിറ്റുകൾക്കുള്ളിൽ വായ്പ ലഭിക്കുമെന്ന സൗകര്യമാണു യുവാക്കൾ ഉൾപ്പെടെയുള്ള പുതിയ തലമുറ ഇടപാടുകാരെ ഇത്തരം ഇടങ്ങളിലേക്ക് എത്തിക്കുന്നത്. നമ്മുടെ ഫോണിലെ കോൺടാക്റ്റുകൾ, ഗാലറിയിലെ ചിത്രങ്ങൾ എന്നിവ ആക്സസ് ചെയ്യാനുള്ള അനുമതി മാത്രം മതിയെന്നു പറഞ്ഞാണു കൂടുതൽ ആപ്പുകളും തട്ടിപ്പിനു വല വിരിക്കുന്നത്.ചെറിയ തുക മുതൽ ലക്ഷങ്ങൾ വരെ വായ്പയായി ലഭിക്കും. പണത്തിന് അത്യാവശ്യമുള്ളവർ പലരും ഈ വലയിൽ വീണു പോകുകയും ചെയ്യും. കൊള്ളപ്പലിശ ഈടാക്കുമെങ്കിലും സ്നേഹത്തോടെ സംസാരിക്കുന്ന ഇവർ ആദ്യമൊക്കെ വലിയ സഹായം ചെയ്യുന്നു എന്ന തോന്നൽ ഉണ്ടാക്കും. എന്നാൽ, ഏതെങ്കിലും സാഹചര്യത്തിൽ തിരിച്ചടവു മുടങ്ങിയാൽ ഉടൻ തന്നെ ഭീഷണി സ്വരം പുറത്തെടുക്കുകയും ചെയ്യും. ആപ്പുകളിലൂടെ വായ്പ നൽകുന്നത് അനധികൃതം എന്നു റിസർവ് ബാങ്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം ആപ്പുകളെ സംബന്ധിച്ചു പരാതി ലഭിക്കുമ്പോൾ തന്നെ അവയെ ഫോണുകളുടെ പ്ലേ സ്റ്റോർ, ആപ് സ്റ്റോർ എന്നിവയിൽ നിന്ന് ഒഴിവാക്കുമെന്ന് ജില്ലയിലെ സൈബർ സെൽ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, മറ്റൊരു പേരിൽ ഇവർ വീണ്ടും അവതരിക്കുന്ന അപകടസാധ്യത നിലനിൽക്കുന്നുണ്ട്. വിളിക്കാം 1930 വായ്പ ആപ്പുകളുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ സൈബർ ക്രൈം സെല്ലിന്റെ ടോൾ ഫ്രീ നമ്പറായ 1930ൽ വിളിക്കാം. കൂടാതെ, www.cybercrime.gov.in എന്ന പോർട്ടലിലും പരാതികൾ റജിസ്റ്റർ ചെയ്യാം.
Source link

