test del 2
ഉപരോധം ഇറാനെ നശിപ്പിക്കുന്നു, കരാറുണ്ടാകുന്നത് വരെ തുടരും; അമേരിക്ക യുദ്ധം ജയിക്കുകയാണെന്ന് ട്രംപ്

വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക ബഹുദൂരം മുന്നിലാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ കരാറിന്റെ സമയപരിധി ബുധനാഴ്ച അവസാനിരിക്കെയാണ് ഡൊണാൾഡ് ട്രംപ് വീണ്ടും അവകാശവാദവുമായി രംഗത്തെത്തിയത്.ഞാൻ ഒരു യുദ്ധം ജയിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ നന്നായി പോകുന്നു. നമ്മുടെ സൈന്യം അത്ഭുതകരമായ പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇറാന്റെ സൈനികശേഷി തകർന്നു. അവരുടെ നാവികസേന പൂർണമായും തുടച്ചുനീക്കപ്പെട്ടു. വ്യോമസേനയാണെങ്കിൽ ഒളിവിലാണ്. ഇതിൽ പ്രധാനം യുഎസിന്റെ ഉപരോധമാണ്. അത് ഇറാനെ പൂർണമായും നശിപ്പിക്കുന്നു. ഒരു കരാർ ഉണ്ടാകുന്നത് വരെ ഉപരോധം തുടരുമെന്നും അവർക്ക് പ്രതിദിനം 500 മില്യൺ ഡോളറാണ് നഷ്ടമെന്നും ഡൊണാൾഡ് ട്രംപ് സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ്, വാൾസ്ട്രീറ്റ് ജേണൽ തുടങ്ങിയ മാധ്യമങ്ങൾക്കെതിരേയും ഡൊണാൾഡ് ട്രംപ് സാമൂഹികമാധ്യമത്തിൽ രൂക്ഷവിമർശനമുന്നയിച്ചു. ഈ മാധ്യമങ്ങൾ തെറ്റായാണ് വാർത്തകൾ നൽകുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇറാനുമായി താനുണ്ടാക്കുന്ന കരാർ 2015-ലെ ആണവ കരാറിനെക്കാൾ ശക്തമായിരിക്കുമെന്നും ട്രംപ് പറഞ്ഞു. ഇതുവരെയുള്ളതിൽ ഏറ്റവും മോശം കരാറായിരുന്നു മുൻപുണ്ടായിരുന്നതെന്നും വിമർശിച്ചു. തന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ ഇസ്രയേലിനും യുഎസ് സൈനികത്താവളങ്ങൾക്കും ഭീഷണിയാകുന്ന ആണവായുധങ്ങൾ ഇറാൻ വികസിപ്പിക്കുമായിരുന്നു. ഇനി ഒരു കരാർ ഉണ്ടാവുകയാണെങ്കിൽ അത് സമാധാനം, സുരക്ഷ എന്നിവ ഉറപ്പുനൽകുമെന്നും ട്രംപ് പറഞ്ഞു.അതിനിടെ, ഇറാൻ-യുഎസ് രണ്ടാംഘട്ട ചർച്ചകളിൽ അനിശ്ചിതത്വം തുടരുകയാണെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. രണ്ടാം ഘട്ട ചർച്ചകൾക്കായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘം പാകിസ്താനിലേക്ക് തിരിച്ചതായി ട്രംപ് അറിയിച്ചിരുന്നു. എന്നാൽ, തിങ്കളാഴ്ച വരെ ജെ.ഡി. വാൻസ് വാഷിങ്ടണിൽനിന്ന് പുറപ്പെട്ടിട്ടില്ലെന്നാണ് വാർത്താ ഏജൻസികളായ റോയിട്ടേഴ്സും അസോസിയേറ്റഡ് പ്രസ്സും റിപ്പോർട്ട് ചെയ്യുന്നത്.
Source link


