ഇന്ത്യൻ റെയിൽവെ അറിയുന്നുണ്ടോ? വടക്കൻ ജില്ലകളിൽ നിന്ന് കോഴിക്കോട്ട് ജോലിക്കായി എത്തുന്നവർക്ക് പറയാനുള്ളത്

കോഴിക്കോട്: ജോലിക്കും പഠനത്തിനുമായി കോഴിക്കോട്ടെത്തി വടക്കൻ ജില്ലകളിലേക്ക് മടങ്ങുന്നവരുടെ സായാഹ്ന യാത്ര ഇപ്പോഴും പാളംതെറ്റി തന്നെ. വൈകിട്ട് 6.30 കഴിഞ്ഞാൽ കണ്ണൂർ ഭാഗത്തേക്ക് ട്രെയിൻ കിട്ടണമെങ്കിൽ നാല് മണിക്കൂർ കാത്തിരിക്കണം. ഇതുമൂലം ആയിരക്കണക്കിന് യാത്രക്കാരാണ് റെയിൽവേ സ്റ്റേഷനിൽ ഇരുന്നും നടന്നും അടുത്ത ട്രെയിനിന്റെ വരവും കാത്തിരിക്കുന്നത്.
വൈകിട്ട് 6.30ന് പുറപ്പെടുന്ന കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് കഴിഞ്ഞാൽ പിന്നീട് 10.25നുള്ള ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് മാത്രമാണ് കണ്ണൂർ ഭാഗത്തേക്കുള്ള ഏക ആശ്രയം. രാത്രി 9.25ന് വന്ദേഭാരത് ഉണ്ടെങ്കിലും ഉയർന്ന ടിക്കറ്റ് നിരക്ക് റിസർവേഷനും കാരണം സാധാരണക്കാർക്ക് ഉപകരിക്കുന്നില്ല. കാസർകോട്, മംഗളൂരു ഭാഗങ്ങളിലേക്ക് പോകേണ്ടവരുടെ അവസ്ഥ ഇതിലും കഷ്ടമാണ്. വൈകിട്ട് 6.05ന് നേത്രാവതി പോയാൽ പുലർച്ചെ 12.20 വരെ കാത്തിരിക്കണം.
വൈകിട്ട് 6.30 മുതൽ 9.30 വരെ പാതയിലെ അറ്റകുറ്റപ്പണികൾക്കുള്ള സമയമാണെന്നാണ് റെയിൽവേയുടെ വിശദീകരണം. എന്നാൽ പ്രധാന നിർമ്മാണ പ്രവൃത്തികളെല്ലാം പൂർത്തിയായിട്ടും ഈ സമയത്ത് ട്രെയിനുകൾ അനുവദിക്കാതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത് ന്യായമല്ലെന്ന് യാത്രക്കാർ പറയുന്നു. പ്രീമിയം ട്രെയിനുകൾക്ക് വഴിയൊരുക്കാൻ സാധാരണക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ വഴിയിലുടനീളം പിടിച്ചിടുന്നതും വെല്ലുവിളിയാണ്. കണ്ണൂർ എക്സിക്യൂട്ടീവ് ഉൾപ്പെടെയുള്ള ട്രെയിനുകളാണ് ഫറോക്ക് പോലുള്ള സ്റ്റേഷനുകളിൽ മണിക്കൂറുകളോളം പിടിച്ചിടുന്നത്. വർഷങ്ങളായി തുടരുന്ന യാത്രാ ദുരിതം പരിഹരിക്കാൻ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ജൂണിൽ ഇറങ്ങുന്ന പുതിയ ടൈംടേബിളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.
ഷൊർണൂർ-കണ്ണൂർ മെമു
Source link


