ഇന്ത്യൻ പൗരന്മാർ പുറത്തിറങ്ങരുത്, വീടിനുള്ളിൽ തന്നെ തുടരണം; ജാഗ്രതാ നിർദേശവുമായി എംബസി

ന്യൂഡൽഹി: ആഫ്രിക്കയിലെ മാലിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകി കേന്ദ്ര സർക്കാർ. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലും ഭീകരർ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി. ബമാകോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടതായും റിപ്പോർട്ടുണ്ടായിരുന്നു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് മാലി സൈന്യം അറിയിച്ചിട്ടുണ്ടെങ്കിലും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബമാകോയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
മാലിയിലെ കാറ്റി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ സായുധസേന ആക്രമണം നടത്തിയിരുന്നു. ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങരുതെന്നും വീടിനുള്ളിൽതന്നെ കഴിയണമെന്നുമാണ് പ്രധാന നിർദേശം. അനാവശ്യ യാത്രകൾ ഒഴിവാക്കണം. പ്രാദേശിക അധികൃതരും എംബസിയും നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ +223 78486019 /94793705 നമ്പറുകളിൽ എംബസിയെ ബന്ധപ്പെടണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ എംബസിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.
മാലിയിലെ ആക്രമണങ്ങളിൽ അൽ ഖ്വയിദയുമായി ബന്ധമുള്ള ജെഎൻഐഎം, തുവാറെഗ്, വിമത ഗ്രൂപ്പുകളായ എഫ്എൽഎ എന്നിവർ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
Source link


