വാഹനാപകടത്തിൽ മരിച്ചയാളുടെ കുടുംബത്തിന് 9 കോടി നഷ്ടപരിഹാരം

കോഴിക്കോട്: വാഹനാപകടത്തിൽ മരിച്ച, വിദേശത്ത് ജോലിയുണ്ടായിരുന്ന കോഴിക്കോട്ടുകാരന് ഒമ്പത് കോടിയിലേറെ നഷ്ടപരിഹാരം വിധിച്ച് കോഴിക്കോട് മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (എം.എ.സി.ടി) . മാളിക്കടവിന് സമീപം ലോറി അശ്രദ്ധമായി ഇടിച്ച് തിരുവങ്ങൂർ സ്വദേശി ഷിജിൻ മരിച്ച കേസിലാണ് ഉയർന്ന നഷ്ടപരിഹാര തുകയായ 9,01,67,500 കോടി അനുവദിച്ചത്.ഷിജിന്റെ ഭാര്യ നിഖില കരുണാകരൻ, മക്കളായ ഇഷാൻ, പാർഥിവ്, അമ്മ രാധ എന്നിവർ ഫയൽ ചെയ്‌ത നഷ്ടപരിഹാര ഹർജിയിലാണ് പ്രിൻസിപ്പൽ ജഡ്‌ജി കെ.രാകേഷ് വിധി പ്രഖ്യാപിച്ചത്. ന്യൂ ഇന്ത്യ എഡ്യൂറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. കേരളത്തിലെ ട്രിബ്യൂണലുകളിൽ ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണിത്.2023 മാർച്ച് 28 ന് രാത്രി ഒരു മണിയോടെ മാളിക്കടവിൽ വച്ച് അശ്രദ്ധയോടെ വന്ന ലോറി ഇടിച്ച് ഗുരുതരമായ പരിക്കുകളോടെ ഷിജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഉടനെ മരണപ്പെടുകയുമായിരുന്നു.നഷ്ടപരിഹാരത്തിനായി കുടുംബം 2023 ആഗസ്ത് 11 ന് എം.എ.സി.ടി പ്രിൻസിപ്പൽ കോടതിയെ സമീപിച്ചു. അബുദാബി പോളിമേഴ്‌സിൽ സീനിയർ ഓപ്പറേറ്ററായി ജോലി ചെയ്തിരുന്ന ഷിജിൻ അവധിയിൽ നാട്ടിലെത്തിയപ്പോഴാണ് മരിച്ചത്. ഹർജിക്കാർക്കായി അഡ്വ.പി എം രമേശ് ബാബു (കോഴിക്കോട്), അഡ്വ.ഷമീം അഹമ്മദ് ( ഹൈക്കോടതി), അഡ്വ. അനിലേഷ് എന്നിവർ ഹാജരായി.
Source link


