സ്‌കൂൾ ഫിറ്റ്നസിൽ നിലപാട് കടുപ്പിച്ചു; എയ്ഡഡ് സ്‌കൂളുകൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: സ്‌കൂൾ ഫിറ്റ്നസിൽ നിലപാട് കടുപ്പിച്ച് തദ്ദേശ വകുപ്പ്. വൈദ്യുതി, അഗ്നിരക്ഷാ, ആരോഗ്യം, വനം, മോട്ടോർ വാഹന വകുപ്പുകളുടെയും സ്‌കൂൾ സുരക്ഷാ നിരീക്ഷണ സമിതിയുടെയും റിപ്പോർട്ടില്ലാത്ത സ്‌കൂളുകൾക്ക് സ്ഥാപനങ്ങൾ ഫിറ്റ്നസ് നിരസിച്ചു തുടങ്ങി. സ്‌കൂളുകൾ അടച്ചിടുമെന്ന് ചൂണ്ടിക്കാട്ടി പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് കത്തു നൽകി.തദ്ദേശ സ്ഥാപനത്തിലെ അസിസ്റ്റന്റ് എൻജിനീയർ സ്‌കൂൾ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുകയാണ് ചെയ്തിരുന്നത്. 2026-27 അധ്യയന വർഷം ഫിറ്റനസ് ലഭിക്കണമെങ്കിൽ വൈദ്യുതി, അഗ്നിരക്ഷാ, ആരോഗ്യം, വനം, മോട്ടോർ വാഹനം വകുപ്പുകളുടെ റിപ്പോർട്ടുകൾ നിർബന്ധമാക്കി. വിവിധ ഉദ്യോഗസ്ഥരടങ്ങുന്ന സ്‌കൂൾ നിരീക്ഷണ സമിതിയുടെ റിപ്പോർട്ടും ആവശ്യമാണ്. റിപ്പോർട്ടുകൾ ഓഫീസിൽ ലഭിച്ചാൽ മാത്രമേ അസിസ്റ്റന്റ് എൻജിനീയർ സ്ഥലപരിശോധന നടത്തി ഫിറ്റനസ് അനുവദിക്കൂവെന്ന് രേഖാമൂലം സ്‌കൂൾ മാനേജർമാരെ അറിയിച്ചു. സ്‌കൂൾ നിരീക്ഷണ സമിതിക്കു പുറമെ ഉപസമിതിയുടെ റിപ്പോർട്ടും ആവശ്യപ്പെട്ടിട്ടുണ്ട്.വകുപ്പുകളിൽ നിന്ന് റിപ്പോർട്ടുകൾ സ്‌കൂൾ മാനേജരോ പ്രഥമ അദ്ധാപകരോ വാങ്ങണം. അതിന് മുമ്പായി വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്‌കൂളിൽ പരിശോധന നടത്തണം. സ്‌കൂൾ തുറക്കാൻ ഒരു മാസം മാത്രം ശേഷിക്കെ ഇതെങ്ങനെ നടപ്പാക്കുമെന്നതാണ് പ്രതിസന്ധി. തദ്ദേശ സ്ഥാപനങ്ങളിൽ മാനേജർ അപേക്ഷ നൽകുന്നതനുസരിച്ച് വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്‌കൂളുകളിലെത്തി പരിശോധന നടത്തി റിപ്പോർട്ട് നൽകണമെന്നാണ് മാനേജർമാരുടെയും പ്രഥമ അദ്ധ്യാപകരുടേയും ആവശ്യം. എല്ലാ വകുപ്പുകളിലും അപേക്ഷ നൽകി സർട്ടിഫിക്കറ്റ് നേടുക അപ്രായോഗികമാണെന്നാണ് ഇവർ പറയുന്നത്.സ്വന്തമായി വാഹനമില്ലാത്ത, അവശ്യഘട്ടങ്ങളിൽ വാടക വാഹനം ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് പോലും മോട്ടോർവാഹന വകുപ്പിന്റെ റിപ്പോർട്ടില്ലാത്തതിനാൽ ഫിറ്റ്നസ് നിഷേധിച്ചിട്ടുണ്ട്. ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലെങ്കിൽ 2026-27 അധ്യയന വർഷം കുട്ടികളെ പ്രവേശിപ്പിക്കാൻ കഴിയില്ല. അദ്ധ്യാപകരും പ്രതിസന്ധിയിലാകും. ഫിറ്റ്നസ് നിരസിക്കുന്നത് തുടർന്നാൽ സ്‌കൂളുകൾ അടച്ചിടേണ്ടി വരുമെന്ന് കേരള പ്രൈവറ്റ് (എയ്ഡഡ്) സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
Source link


