മൂന്ന് നേരത്തെ ഭക്ഷണം, യാത്ര ചെലവുകള്‍; 500 രൂപ പോലും ഇല്ലാതെയും ഈ നഗരത്തില്‍ ജീവിക്കാം

ബംഗളൂരു: ബംഗളൂരുവിലെ ജീവിതച്ചെലവിനെക്കുറിച്ച് കേൾക്കാത്തവർ ചുരുക്കമായിരിക്കും. എന്നാൽ 500 രൂപ പോക്കറ്റിലിട്ട് നഗരത്തിൽ ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ കഴിയുമോ? അത്തരത്തിൽ കഴിയുമെന്ന് തെളിയിച്ച ഒരു യുവതിയുടെ പരീക്ഷണമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയങ്ക മണ്ഡൽ എന്ന ഇൻഫ്ളുവൻസറാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ അനുഭവം പങ്കിട്ടത്.
രാവിലെ ഇഡലി കഴിച്ചുകൊണ്ടാണ് പ്രിയങ്ക തന്റെ ദിവസം ആരംഭിച്ചത്. യാത്രാച്ചെലവ് ഗണ്യമായി കുറയ്ക്കാൻ ടാക്സിയോ ഓട്ടോയോ വിളിക്കാതെ പൂർണമായും മെട്രോയെ ആശ്രയിച്ചു. ഇതിനിടയിൽ ചെറിയൊരു ചായ കുടിക്കാനും പ്രിയങ്ക മറന്നില്ല. ദിവസത്തിന്റെ ആദ്യ പകുതി ശാന്തമായി കടന്നുപോയെങ്കിലും ഉച്ചഭക്ഷണത്തിനുള്ള നേരമായപ്പോഴാണ് പ്രിയങ്ക ശരിക്കും പാടുപെട്ടത്. ഹോട്ടലുകളിലെ മെനു നോക്കുമ്പോൾ പല ഭക്ഷണങ്ങളുടെയും വില കേട്ട് അമ്പരന്നു. ഒടുവിൽ തന്റെ ബജഡ്ജറ്റിന് അനുയോജ്യമായ ഭക്ഷണം 120 രൂപയ്ക്ക് കണ്ടെത്തിയെങ്കിലും ബംഗളൂരു നഗരത്തിലെ വിലക്കയറ്റം എത്രത്തോളമുണ്ടെന്ന് ആ നിമിഷം തിരിച്ചറിഞ്ഞതായി പ്രിയങ്ക വീഡിയോയിൽ പറയുന്നു.
വൈകുന്നേരമായപ്പോഴേക്കും പണം കൂടുതൽ കരുതലോടെ ചെലവാക്കാനായിരുന്നു തീരുമാനം. വലിയ പരീക്ഷണങ്ങൾക്ക് മുതിരാതെ ഒരു വടപാവും ചായയും കഴിച്ച് ആ ദിവസം അവസാനിപ്പിച്ചു. 200 രൂപയാണ് ദിവസം മുഴുവൻ തീർന്നപ്പോൾ ബാക്കിയുണ്ടായിരുന്നുത്. അതായത് വെറും 300 രൂപ കൊണ്ട് ബംഗളൂരുവിൽ ഒരു ദിവസം പൂർത്തിയാക്കാൻ സാധിച്ചു.
വീഡിയോ വൈറലായതോടെ ബംഗളൂരു നിവാസികൾക്കിടയിൽ സംഭവം ചർച്ചയായി. പലരും സ്വന്തം അനുഭവങ്ങൾ കമന്റുകളായി പങ്കുവച്ചു. ‘ഇന്ദിര കാന്റീനുകളിൽ പോയാൽ വെറും 30 രൂപയ്ക്ക് ഭക്ഷണം കിട്ടും,’ എന്നായിരുന്നു ഒരാളുടെ നിർദ്ദേശം. ജീവിതച്ചെലവ് കൂടുമ്പോൾ സാധാരണക്കാർ വിട്ടുവീഴ്ച നത്തുന്നതിന്റെ നേർചിത്രമാണിത്,’ മറ്റൊരാൾ കുറിച്ചു.
Source link


