പാമ്പുകളെ ഭയക്കാതെ പറമ്പിൽ പണിയെടുക്കാം; പുത്തൻ കണ്ടെത്തലുമായി ഗവേഷകർ

സന്ധ്യാസമയങ്ങളിലും രാത്രികാലങ്ങളിലുമുൾപ്പടെ പറമ്പിൽ പണിയെടുക്കുന്നവരാണ് കർഷകർ. ഈ സമയങ്ങളിൽ കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളി ഇഴജന്തുക്കളുടെ ശല്യമാണ്. വിളകൾക്കിടയിൽ മണ്ണിന്റെ തണുപ്പേറ്റ് പാമ്പുകൾ പതുങ്ങിക്കിടക്കാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ കർഷകർക്ക് പാമ്പിന്റെ കടിയേൽക്കാനുള്ള സാഹചര്യം വളരെ കൂടുതലാണ്. ഈ ഭീഷണിയെ ചെറുക്കാൻ ഇന്ത്യയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ കണ്ടുപിടിച്ച പുതിയ ആശയമാണ് ‘കിസാൻ മിത്ര ച്ഛാഡി’ എന്ന സ്മാർട് സ്റ്റിക്ക്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ഈ ഉപകരണം പരിചയപ്പെടുത്തിയത്.
കർഷകരുടെ സുരക്ഷയെ മുൻനിർത്തി രൂപകൽപ്പന ചെയ്ത ഈ ഉപകരണം പാമ്പുകളുടെ സാന്നിദ്ധ്യം തിരിച്ചറിയുന്ന മുന്നറിയിപ്പ് സംവിധാനമായി പ്രവർത്തിക്കുന്നു. ഈ സ്റ്റിക്ക് നിലത്ത് സ്ഥാപിച്ച് ബട്ടൺ അമർത്തുമ്പോൾ അതിലെ സെൻസറുകൾ പ്രവർത്തിക്കാൻ തുടങ്ങുന്നു. ചുറ്റുപാടുകളിലെ ചലനങ്ങളെയും താപവ്യത്യാസങ്ങളെയും ഈ സെൻസർ നിരീക്ഷിക്കുന്നു. പാമ്പിന്റെ സാന്നിദ്ധ്യം സെൻസർ തിരിച്ചറിയുമ്പോൾ സ്റ്റിക്ക് ശക്തമായി വൈബ്രേറ്റ് ചെയ്യുകയും അതുവഴി കർഷകന് മുന്നറിയിപ്പ് ലഭിക്കുകയും ചെയ്യുന്നു. ഈ സമയം തന്നെ മൊബൈൽഫോണിലേക്കും അലേർട്ട് മെസേജ് ലഭിക്കുന്നു. ഇതിലൂടെ പാമ്പിനെ പിടികൂടുകയോ ഓടിച്ചുവിടുകയോ ചെയ്യാൻ സാധിക്കുന്നു. അബദ്ധത്തിൽ പാമ്പിന്റെ കടിയേൽക്കുന്നതിനുള്ള സാദ്ധ്യതയും കുറയുന്നു.
‘ഇന്റർനാഷണൽ ജേണൽ ഓഫ് സയന്റിഫിക് റിസർച്ച് ആൻഡ് എഞ്ചിനീയറിംഗ് ഡെവലപ്മെന്റ്’ വ്യക്തമാക്കുന്നതനുസരിച്ച് ഈ പകരണങ്ങൾ ഇന്റർനെറ്റ് ഒഫ് തിംഗ്സ് (ഐഒടി) ആർക്കിടെക്ചറിൽ നിർമ്മിച്ചിരിക്കുന്നവയാണ്. സെൻസറുകളുപയോഗിച്ചാണ് ഇവ പ്രവർത്തിക്കുന്നത്. പാസീവ് ഇൻഫ്രാറെഡ് സെൻസറുകൾ അന്തരീക്ഷ താപനിലയിലെ മാറ്റങ്ങൾ തിരിച്ചറിയുകയും അൾട്രാസോണിക് സംവിധാനങ്ങൾ മണ്ണിലെ വൈബ്രേഷനുകൾ മനസിലാക്കുകയും ചെയ്യുന്നു. അതേസമയം, പരിസ്ഥിതിയിലെ മറ്റ് ജീവികളുടെ ചലനങ്ങൾ സെൻസർ പിടിച്ചെടുക്കുമ്പോൾ തെറ്റായ അലാറം മുഴങ്ങാനുള്ള സാദ്ധ്യതയെപ്പറ്റി പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, പാമ്പുകളുടെ ചലനങ്ങളെ മാത്രമായി തിരിച്ചറിയാൻ സെൻസറിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ സ്റ്റിക്ക് പ്രവർത്തിക്കുന്ന ദൂരപരിധി സംബന്ധിച്ചും ഇപ്പോഴും വ്യക്തതയില്ല.
ഇന്ത്യയിൽ പ്രതിവർഷം ആയിരക്കണക്കിനുപേർ പാമ്പുകടിയേറ്റ് മരിക്കുന്ന സാഹചര്യത്തിൽ ഇത്തരത്തിലൊരു മുന്നറിയിപ്പ് സംവിധാനം വലിയ രക്ഷയായി മാറാം. ഇത് കർഷകർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ ജോലി ചെയ്യാൻ സഹായിക്കുകയും അനാവശ്യ ഭയം കുറയ്ക്കുകയും ചെയ്യുന്നു. ആന്റിവെനം സിന്തസിസിനും ഫാർമക്കോളജിക്കൽ ഗവേഷണത്തിനുമായി പാമ്പിന്റെ വിഷം ശേഖരിക്കേണ്ടി വരുന്ന അവസരങ്ങളിൽ ഈ സ്റ്റിക്ക് കൂടുതൽ ഫലവത്താകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Source link


