test del 2

ട്രംപ് സുരക്ഷാ ആശങ്ക പങ്കുവെച്ചതിന് പിന്നാലെ വാൻസ് US സംഘത്തിലുണ്ടെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്


വാഷിങ്ടൺ: ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന നിർണ്ണായകമായ രണ്ടാം യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്ക് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ നേതൃത്വം നൽകുമെന്ന് വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. നേരത്തെ സുരക്ഷാ കാരണങ്ങളാൽ വാൻസ് പാകിസ്താനിലേക്ക് യാത്ര ചെയ്യില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൂചിപ്പിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അവസാന നിമിഷം ഈ തീരുമാനം മാറ്റിയെന്നാണ് പുതിയ റിപ്പോർട്ട്. ബുധനാഴ്ച നിലവിലെ വെടിനിർത്തൽ കരാറിന്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് ചർച്ചകളിൽ പുരോഗതിയുണ്ടാക്കാൻ വൈസ് പ്രസിഡന്റ് നേരിട്ട് എത്തുന്നത്. അതേസമയം ഇറാൻ ചർച്ചകളിൽ പങ്കെടുക്കുന്ന കാര്യം ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. നാവിക ഉപരോധം അവസാനിപ്പിക്കാതെ ചർച്ചയിൽ പങ്കെടുക്കില്ലെന്ന തീരുമാനത്തിലാണ് ഇറാനെന്ന്് രാജ്യത്തെ ഔദ്യോഗിക വാർത്ത ഏജൻസി തെസ്‌നിം ന്യൂസ് റിപ്പോർട്ട് ചെയ്തു.ജെ.ഡി. വാൻസിനൊപ്പം ഏപ്രിൽ 11, 12 തീയതികളിൽ ഇസ്ലാമാബാദിൽ വെച്ചുതന്നെ നടന്ന ആദ്യ റൗണ്ട് ചർച്ചകളിൽ പങ്കെടുത്ത ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, മരുമകൻ ജാരെഡ് കുഷ്‌നർ എന്നിവരും യുഎസിന്റെ നയതന്ത്ര സംഘത്തിലുണ്ടാകും. ആദ്യ ചർച്ച തീരുമാനമില്ലാതെ അവസാനിച്ചതിനാൽ ഇത്തവണത്തെ ചർച്ചകൾക്ക് വലിയ പ്രാധാന്യമാണുള്ളത്.അതേസമയം, ഇറാനെതിരെ കടുത്ത ഭീഷണിയുമായി പ്രസിഡന്റ് ട്രംപ് വീണ്ടും രംഗത്തെത്തിയത് ചർച്ചകളുടെ അന്തരീക്ഷത്തെ കൂടുതൽ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ പങ്കുവെച്ച കുറിപ്പിൽ, ഇറാൻ ന്യായമായ ഒരു കരാറിന് തയ്യാറാകുന്നില്ലെങ്കിൽ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാന്റെ വൈദ്യുതി നിലയങ്ങൾ, പാലങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണ്ണായകമായ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്നാണ് ട്രംപിന്റെ ഭീഷണി. ഇറാൻ വെടിനിർത്തൽ കരാർ പൂർണ്ണമായും ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.ഹോർമുസ് കടലിടുക്കിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങളാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. തന്ത്രപ്രധാനമായ ഈ കപ്പൽപ്പാത ഇറാൻ വീണ്ടും അടച്ചിരുന്നു. കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തത് വെടിനിർത്തൽ കരാർ ലംഘനമാണെന്നും ട്രംപ് ആരോപിച്ചു.


Source link

Back to top button