test del 1

നിതിൻരാജിന്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്രിൽ

 മൂന്നുപേരെ പിടികൂടിയത് നോയിഡയിൽ നിന്ന്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് ലോൺ ആപ്പിലൂടെ ഭീഷണിപ്പെടുത്തിയ മൂന്നുപേർ ഉത്തർപ്രദേശിലെ നോയിഡയിൽ പിടിയിൽ. ഇൻസ്റ്റന്റ് ഫണ്ട്സ് എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരായ ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി (32), പ്രശാന്ത് ഖേവൽ (28), ഹരിയാന ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് (54) എന്നിവരെയാണ് കണ്ണൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റുചെയ്തത്.

കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജിന്റെ മേൽനോട്ടത്തിൽ എസ്.ഐ എസ്.വി.മിഥുന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. കണ്ണൂരിലെത്തിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.

നിതിൻരാജ് ലോൺ ആപ്പിലൂടെ പണം വായ്പയെടുത്തപ്പോൾ അദ്ധ്യാപികയുടെ ഫോൺ നമ്പരാണ് റഫറൻസിനായി നൽകിയിരുന്നത്. തിരിച്ചടവ് മുടങ്ങിയതോടെ ലോൺ ആപ്പ് മാഫിയ അദ്ധ്യാപികയെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. തുടർന്ന് അദ്ധ്യാപിക പ്രിൻസിപ്പലിന് പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചക്കരയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

നോയിഡയിലെ ഓൺലൈൻ ധനകാര്യ സ്ഥാപനം നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. രാജ്യത്തുടനീളം 38,000ത്തോളം ഇടപാടുകൾ സ്ഥാപനത്തിലൂടെ നടന്നിട്ടുണ്ട്. ഇതിൽ ആയിരത്തോളം പേർ കേരളത്തിലുള്ളവരാണ്. ബോർഡ് പോലുമില്ലാതെയാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്ത ശേഷവും പൊലീസ് സംഘത്തിനുനേരെ കമ്പനി ഭീഷണി തുടർന്നിരുന്നു.


ഐ.ടി പാർക്കിനെ

വെല്ലും സജ്ജീകരണങ്ങൾ
ഐ.ടി പാർക്കിനെ വെല്ലുന്ന സജ്ജീകരണത്തോടെയാണ് ഇൻസ്റ്റന്റ് ഫണ്ട്സിന്റെ പ്രവർത്തനം. 40ഓളം ജീവനക്കാർ. ലോൺ ആപ്പ് പ്രമോഷൻ, വായ്പ, തിരിച്ചടവ് ഉറപ്പാക്കാനുള്ള ഭീഷണി,​ ഓപ്പറേഷൻ എന്നിവയാണ് ഇവിടെ നടക്കുന്നത്. 36 ശതമാനത്തിലധികം പലിശയാണ് ഈടാക്കുന്നത്. സാധാരണ മൊബൈൽ ഫോണുകൾക്കുപകരം,​ ഒരേസമയം 30ഓളം സിംകാർഡുകൾ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ള സിംബോക്സ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. സമാന്തര ടെലിഫോൺ എക്സ്‌ചേഞ്ചായി പ്രവർത്തിക്കാൻ കഴിയുന്ന ഉപകരണമാണ് സിംബോക്സ്. നമ്പർ പോലും കണ്ടെത്താൻ കഴിയാത്ത വിധത്തിൽ ഉപകരണത്തിലെ ഏതെങ്കിലും ഒരു സിംകാർഡിൽ നിന്നായിരിക്കും ഇടപാടുകാരെ തുടരെ തുടരെ ബന്ധപ്പെടുന്നത്. ഇതുകാരണം ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ കണ്ടെത്താനാകില്ല.അന്വേഷണം രണ്ടുദിശകളിൽ
ലോൺ ആപ്പ് ഭീഷണിക്കുപുറമേ കോളേജിലെ അദ്ധ്യാപകരിൽ നിന്ന് നിതിൻ നേരിട്ട മാനസിക പീഡനങ്ങളെക്കുറിച്ചും പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്നുണ്ട്. ഡോ. എൻ.റാം, ഡോ. സംഗീത നമ്പ്യാർ എന്നിവർക്കെതിരെ ലഭിച്ച പരാതികളിലും അന്വേഷണം പുരോഗമിക്കുകയാണ്.


Source link

Back to top button