test del 2
‘തോക്ക് വാങ്ങാൻ മികച്ച ദിവസം’; കോൾ തോമസ് അലന്റെ സോഷ്യൽമീഡിയ പോസ്റ്റുകൾ ഞെട്ടിക്കുന്നത്

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത വിരുന്നുസത്കാരത്തിനിടെ വെടിയുതിർത്ത സംഭവത്തിൽ പിടിയിലായ പ്രതിയുടെ സാമൂഹികമാധ്യമ ഇടപെടലുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. കാലിഫോർണിയ സ്വദേശിയും എൻജിനീയറുമായ കോൾ തോമസ് അലൻ എന്ന 31-കാരനാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുള്ളത്. സാധാരണമായ ഗെയിമിങ് പോസ്റ്റുകളിൽനിന്ന് രോഷംനിറഞ്ഞ രാഷ്ട്രീയസന്ദേശങ്ങളിലേക്കുള്ള പരിവർത്തനം കോളിന്റെ സാമൂഹികമാധ്യമ ഇടപെടലുകളിൽ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു. കോളിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലെ ആർക്കൈവ് ചെയ്തിട്ടുള്ള പോസ്റ്റുകൾ വ്യക്തമാക്കുന്നത്, ക്രമാനുഗതമായും അതേസമയം വ്യക്തമായിട്ടുള്ളതുമായ വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട് എന്നതാണെന്നും അധികൃതർ കൂട്ടിച്ചേർക്കുന്നു.2022-ൽ കോളിന്റെ സാമൂഹികമാധ്യമ പോസ്റ്റുകൾ കൂടുതലായും വീഡിയോ ഗെയിമുകളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു. എന്നാൽ 2024 മുതൽ ആർക്കൈവ് ചെയ്യപ്പെട്ടിട്ടുള്ള പോസ്റ്റുകൾ പരിശോധിക്കുമ്പോൾ ട്രംപിനെ വിമർശിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്തിരിക്കുന്നതായി കാണാം. ട്രംപിനെ ഹിറ്റ്ലറുമായി താരതമ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള കുറിപ്പുകൾ കോൾ ഇക്കാലത്ത് പങ്കുവെച്ചിട്ടുണ്ട്. പെൻസിൽവാനിയയിലെ ബട്ലറിൽവെച്ച് ട്രംപിന് നേർക്കുണ്ടായ വധശ്രമം നാടകമാണെന്ന് പറയുന്ന പോസ്റ്റും കോൾ പങ്കുവെച്ചിട്ടുണ്ട്.കോൾ പങ്കുവെച്ച ചില കുറിപ്പുകൾ തോക്ക് സ്വന്തമാക്കലിനെ പ്രോത്സാഹിപ്പിക്കും വിധത്തിലുള്ളതാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു തോക്ക് വാങ്ങാൻ യോജിച്ച ദിവസമായിരുന്നു കുറച്ചുനാൾ മുൻപത്തേത്. രണ്ടാമത്തെ നല്ല ദിവസം ഇന്നാണ്, എന്നാണ് ഒരു കുറിപ്പിൽ പറയുന്നത്. 2025 ഡിസംബറിലുള്ളതാണ് ഈ കുറിപ്പ്.ശനിയാഴ്ച രാത്രി എട്ടരയോടെ (ഇന്ത്യൻസമയം ഞായറാഴ്ച രാവിലെ 6.50)യാണ് വൈറ്റ്ഹൗസുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരുടെ സംഘടനയായ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്റെ വാർഷികവിരുന്ന് നടന്ന ഹാളിലേക്കുള്ള ഇടനാഴിയിൽ വെടിവെപ്പുണ്ടായത്. തോക്കുകളും കത്തികളുമായാണ് കോൾ അവിടേക്ക് എത്തിയത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
Source link

