LATEST

കെ.ടി.യു പരീക്ഷാ കൺട്രോളർ അയോഗ്യനായി: പകരം നിയമനം തടഞ്ഞ് മന്ത്രി


തിരുവനന്തപുരം: സാങ്കേതിക സർവകലാശാല(കെ.ടി.യു) പരീക്ഷാ കൺട്രോളറുടെ ചുമതല വഹിക്കുന്ന ഡോ. വിനു തോമസിനെ പ്രൊഫസർ പദവിയിലേക്ക് തരംതാഴ്ത്തിയതിനാൽ പുതിയ പരീക്ഷാ കൺട്രോളറെ നിയമിക്കണമെന്ന വിസിയുടെ ആവശ്യം ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തടഞ്ഞു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പരീക്ഷാ കൺട്രോളറായും ഡീനായും തുടരാൻ ഡോ. വിനു തോമസിന് അയോഗ്യത വന്നതോടെ, പകരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജ് പ്രൊഫസറെ നിയമിക്കണമെന്ന് വി.സി ഡോ. സിസ തോമസ് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച മുതൽ എൻജിനിയറിംഗ് പരീക്ഷകൾ ആരംഭിക്കാനിരിക്കെ,മേൽനോട്ടത്തിനായി പുതിയ കൺട്രോളറെ നിയമിക്കാൻ ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് ശുപാർശ ചെയ്ത ഫയലാണ് മന്ത്രി തടഞ്ഞത്.ഡോ. വിനു തോമസിന് കോടതിയിൽ നിന്ന് നീതി ലഭിക്കുന്നതുവരെ സർവകലാശാലയിൽ നിന്ന് വിടുതൽ നൽകാൻ പാടില്ലെന്നതാണ് മന്ത്രിയുടെ നിലപാട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ, ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ അടിയന്തര ശുപാർശ മന്ത്രി തടഞ്ഞത് വ്യക്തിതാത്പ്പര്യങ്ങൾക്കു വേണ്ടിയാണെന്ന് ആരോപണമുണ്ട്. മന്ത്രിയുടെ നിലപാട് മൂലം പരീക്ഷകളുടെ നടത്തിപ്പ് താളംതെറ്റുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.ഐ.എച്ച്.ആർ.ഡി പ്രിൻസിപ്പൽ തസ്തികയിൽ ഇരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിനു തോമസിനെ പ്രൊഫസർ പദവിയിലേക്ക് ഡയറക്ടർ തരംതാഴ്ത്തുകയായിരുന്നു.


Source link

Back to top button