ആദ്യം മണ്ണ്‌നിറച്ച് ഉയരപ്പാത നിർമ്മിച്ചു, പിന്നാലെ മണ്ണ് പരിശോധന നടത്തി കരാർ കമ്പനി

കൊടുങ്ങല്ലൂർ : ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച സ്ഥലങ്ങളിൽ കരാർ കമ്പനി മണ്ണ് പരിശോധനയ്ക്ക്. ജനം പരിഭ്രാന്തിയിൽ. നിർമ്മാണം തുടങ്ങും മുമ്പായാണ് ഇത്തരത്തിൽ മണ്ണ് പരിശോധന നടത്താറ്. എന്നാൽ അതിന് വിപരീതമായാണ് ദേശീയപാത നിർമ്മാണ സ്ഥലങ്ങളിൽ മണ്ണുപരിശോധന നടക്കുന്നത്.
കാലാവസ്ഥയ്ക്ക് അനുസൃതമായി എർത്ത് റീടെയ്നിംഗ് വാളുകൾക്ക് പകരം പില്ലറിൽ തീർത്ത ഉയരപ്പാത നിർമ്മിച്ച് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന നിർദ്ദേശം ലംഘിച്ചാണ് കരാർ കമ്പനി മണ്ണ് നിറച്ച് ഉയരപ്പാത നിർമ്മിച്ചതെന്ന ആരോപണമുണ്ടായിരുന്നു. പിന്നാലെയാണ് മണ്ണ് പരിശോധന നടത്തുന്നത്. റീടെയ്നിംഗ് വാളിനായി ഉപയോഗിക്കുന്ന ഇന്റർലോക്കുള്ള സമചതുരത്തിലെ കട്ടകളുടെ ലോംക്കിംഗ് സംവിധാനം മണ്ണ് നിറയ്ക്കുമ്പോൾ പുറത്തേക്ക് തള്ളാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി മണ്ണ് നിറച്ച ഉയരപ്പാതകൾക്ക് പകരം പില്ലറിൽ തീർത്ത ഉയരപ്പാത അല്ലെങ്കിൽ ഫ്ളൈ ഓവർ നിർമ്മിക്കാമെന്ന് എം.പിമാർക്ക് ഉറപ്പ് നൽകിയിരുന്നു.
എന്നാൽ തളിക്കുളം മുതൽ ടി.കെ.എസ് പുരം വരെയുള്ള റീച്ചിൽ കരാറ് എടുത്ത ശിവാലയ കൺസ്ട്രക്ഷൻ കമ്പനി മണ്ണിട്ടാണ് ഉയരപ്പാത നിർമ്മിച്ചത്. മണ്ണിന്റെ ഘടനയും ഭൂപ്രകൃതിയും കാലാവസ്ഥയുടെ പ്രത്യേകതയും പരിഗണിക്കാതെ മണ്ണിട്ട് നിറച്ച ഉയരപ്പാതയുടെ ബലക്ഷയ പരിശോധനയാണ് നടക്കുന്നതെന്ന സംശയം ഉയർന്നിട്ടുണ്ട്. ദേശീയപാതയിൽ നടക്കുന്ന ഇത്തരം പരിശോധനകളിൽ വ്യക്തത വരുത്താൻ ജനപ്രതിനിധികൾ അടിയന്തരമായി ഇടപ്പെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അറ്റകുറ്റപ്പണിയിൽ അവ്യക്തത
ചാലക്കുടി: ദേശീയപാതയിലെ ചാലക്കുടി പുഴപ്പാലത്തിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങുന്ന കാര്യത്തിൽ ഇനിയും വ്യക്തതയായില്ല. ഫെബ്രുവരി ആദ്യവാരം പണി തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നീണ്ടുപോവുകയായിരുന്നു. എൻ.എച്ച്.എ.ഐയുടെ അന്തിമാനുമതി ലഭിച്ചാലുടൻ പ്രവൃത്തി ആരംഭിക്കുമെന്നാണ് കരാർ കമ്പനിയായ ജി.ഐ.പി.എൽ വ്യക്തമാക്കുന്നത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ 32 ബെയറിങ്ങുകളാണ് മാറ്റേണ്ടത്.
കുരുക്ക് രൂക്ഷമാകും
ഗതാഗത നിയന്ത്രണം നടപ്പിലക്കേണ്ട പൊലീസ് അധികൃതർക്ക് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. മാർച്ച് മാസത്തിൽ വേനൽമഴ എത്താനിരിക്കെ, പണികൾ വൈകുന്നത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. അറ്റകുറ്റ പണികൾക്ക് ഒരുമാസം മതിയെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. 1998 കാലഘട്ടത്തിൽ ഇതേ പാലത്തിന്റെ ബെയറിംഗുകൾ മാറ്റി സ്ഥാപിച്ചിരുന്നു. അക്കാലത്ത് വൻ ഗതാഗതക്കുരുക്കാണ് ഉണ്ടായത്.
Source link



