വിമാനത്താവളത്തിലെ ചായയ്ക്ക് ഇനി പത്തുരൂപ, കടിക്ക് 20 രൂപ; കീശ കാലിയാകാതെ ഭക്ഷണം കഴിച്ച് യാത്ര ചെയ്യാം

മുംബയ്: വിമാനയാത്രക്കാർക്കും അവരോടൊപ്പമെത്തുന്നവർക്കും എന്നും വലിയൊരു തലവേദനയാണ് വിമാനത്താവളത്തിലെ ഭക്ഷണത്തിന്റെ വില. ഒരു കപ്പ് ചായ കുടിക്കണമെങ്കിലും നൂറോ ഇരുന്നൂറ് രൂപയോ കൊടുക്കേണ്ട അവസ്ഥയാണ്. ചായയുടെ കാര്യം ഇങ്ങനെയാണെങ്കിൽ ബാക്കിയുള്ള ഭക്ഷണങ്ങളുടെ വിലയുടെ കാര്യം പറയേണ്ടതില്ലല്ലോ. എന്നാൽ ഇനി ആ ആശങ്ക വേണ്ട.
മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (ടെർമിനൽ 2) എത്തിയാൽ നിങ്ങൾക്ക് അധിക പൈസ ചെലവാക്കാതെ വയറുനിറയെ ഭക്ഷണം കഴിക്കാം. അവിടെ പുതിയതായി പ്രവർത്തനമാരംഭിച്ച ഉഡാൻ യാത്രി കഫേയാണ് ഇപ്പോൾ വാർത്തകളിൽ ഇടംപിടിച്ചിരിക്കുന്നത്.കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ചരാപ്പു രാമ്മോഹൻ നായിഡു വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്ത ഈ കഫേ, സാധാരണക്കാരന്റെ ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലവിവരപ്പട്ടികയുമായാണ് യാത്രക്കാർക്ക് ഇഷ്ടഭക്ഷണം വിളമ്പുന്നത്.
വിമാനത്താവളത്തിൽ എത്തുന്ന സാധാരണക്കാരായ യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കഫേ ആരംഭിച്ചിരിക്കുന്നത്. പലപ്പോഴും വിമാനം കാത്തിരിക്കുന്ന സമയത്ത് ചെറിയൊരു ലഘുഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത വിധം വില കൂടുതലായിരിക്കും. എന്നാൽ ഉഡാൻ യാത്രി കഫേയിൽ ഒരു കപ്പ് ചായയ്ക്കും കുപ്പിവെള്ളത്തിനും പത്ത് രൂപ വീതവും കാപ്പിക്കും സമീസയ്ക്കും വെറും 20 രൂപ വീതവുമാണ്.റോഡരികിലെ തട്ടുകടകളിലെ വിലയ്ക്ക് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിൽ ഭക്ഷണം കിട്ടുന്നുവെന്നത് വിശ്വസിക്കാൻ കഴിയാത്ത ഒന്നാണെന്നാണ് യാത്രക്കാർ പറയുന്നത്.
കൊൽക്കത്ത വിമാനത്താവളത്തിൽ നേരത്തെ തന്നെ 50,000ത്തിലധികം ആളുകൾ ഈ സേവനം പ്രയോജനപ്പെടുത്തിയിരുന്നു, അതിന്റെ വലിയ വിജയത്തിന് പിന്നാലെയാണ് ഇപ്പോൾ മുംബയിലും ഇത് തുടങ്ങിയിരിക്കുന്നത്. വില കുറവാണെന്ന് കരുതി ഗുണനിലവാരത്തിലോ വൃത്തിയിലോ ഒരു വിട്ടുവീഴ്ചയും ഇവിടെയില്ല. കാണാൻ ഒരു ചെറിയ ചായക്കടയുടെ രൂപമാണെങ്കിലും മികച്ച നിലവാരത്തിലുള്ള ലഘുഭക്ഷണങ്ങളാണ് ഇവിടെ വിളമ്പുന്നത്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉഡാൻ യാത്രി കഫേ വൈറലാണ്. ഇന്ത്യയിലെ മറ്റുവിമാനത്താവളങ്ങളിലും ഇത്തരത്തിൽ കുറഞ്ഞ നിരക്കിൽ ഭക്ഷണം കിട്ടുന്ന കഫേകൾ വരണമെന്നാണ് എല്ലാ യാത്രക്കാരുടെയും ആഗ്രഹം.
Source link



