പ്രസിഡന്റും വനിതാഅംഗങ്ങളും ചേർന്ന് ഓഫീസിനുള്ളിൽ പൂട്ടിയിട്ടു, ആത്മഹത്യാ ഭീഷണി മുഴക്കി പഞ്ചായത്ത് സെക്രട്ടറി

തിരുവനന്തപുരം : പഞ്ചായത്ത് പ്രസിഡന്റും രരണ്ട് വനിതാ അംഗങ്ങളും ചേർന്ന് ഓഫീസിനുള്ളിൽ പൂട്ടിയിട്ടതിനു പിന്നാലെ സെക്രട്ടറി ആത്മഹത്യാഭീഷണി മുഴക്കി. ഇന്ന് വൈകിട്ട് വെള്ളനാട് പഞ്ചായത്ത് ഓഫീസിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സെക്രട്ടറി സിന്ധു കളക്ടറേറ്റിൽ പോയി മടങ്ങി പഞ്ചായത്ത് ഓഫീസിലെത്തുമ്പോൾ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശി ഡ്രൈവറുടെ കഴുത്തിന് കുത്തിപ്പിടിച്ച് താക്കോൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചെന്നാണ് ആരോപണം. തുടർന്ന് ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങാൻനേരം സിന്ധുവിനെ പൂട്ടിയിടുകയായിരുന്നു. സിന്ധു ബഹളം വച്ചതോടെ മറ്റ് അംഗങ്ങൾ ഓടിക്കൂടി. ഇതിനിടെ ബാഗിൽ നിന്ന് കേക്ക് മുറിക്കാൻ ഉപയോഗിക്കുന്ന കത്തിയെടുത്ത് സിന്ധു ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. ഉടൻ പഞ്ചായത്ത് അംഗങ്ങൾ ചേർന്ന് കത്തി പിടിച്ചുവാങ്ങുകയും ചെയ്തു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇരുകൂട്ടരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ പ്രശ്നം അവസാനിപ്പിച്ചില്ലെങ്കിൽ പഞ്ചായത്ത് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി കേസെടുക്കുമെന്ന് അറിയിച്ചു. ഇതിനിടെ എ.എസ്.ഐ ഗിരിജയോട് പ്രസിഡന്റ് കയർത്ത് സംസാരിക്കുകയും പഞ്ചായത്ത് വാഹനം തൊട്ടാൽ വിവരമറിയുമെന്നും പൊലീസിന് എന്ത് അധികാരമെന്ന് ആക്രോശിക്കുകയും ചെയ്തു.
നാട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു പ്രസിഡന്റിന്റെ വാക്‌പോര്. ജീവന് ഭീഷണിയുണ്ടെന്നും ആത്മഹത്യ ചെയ്താൽ അതിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റും വനിതാ അംഗങ്ങളുമാണെന്നും സെക്രട്ടറി സിന്ധു പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. പഞ്ചായത്തിലെ പ്രശ്നങ്ങൾക്കെല്ലാം കാരണം സെക്രട്ടറിയാണെന്നും അവർ ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് വെള്ളനാട് ശശി പറയുന്നത്.
Source link



