LATEST

ഊഹാപോഹങ്ങൾക്കും കെട്ടുക്കഥകൾക്കും വിട, അന്യഗ്രഹജീവികളെ കണ്ടെത്താൻ മനുഷ്യർക്ക് ഇനി വേണ്ടത് കുറച്ചു സമയം

അടുത്ത പത്ത് മുതൽ 20വർഷത്തിനുള്ളിൽ അന്യഗ്രഹങ്ങളിൽ സൂക്ഷ്മജീവികളുടെ സാന്നിധ്യം കണ്ടെത്താനാകുമെന്നാണ് ഭൂരിഭാഗം ആസ്‌ട്രോബയോളജിസ്റ്റുകളും വിശ്വസിക്കുന്നത്. ഇത് നമ്മൾ സിനിമകളിൽ കാണുന്ന ‘ബുദ്ധിയുള്ള അന്യഗ്രഹജീവികൾ’ ആയിരിക്കില്ല, മറിച്ച് ലളിതമായ ജീവരൂപങ്ങളുടെ രാസപരമോ ഫോസിൽ രൂപത്തിലോ ഉള്ള അടയാളങ്ങളായിരിക്കും.

എന്താണ് ‘സൂക്ഷ്മജീവി’

ജീവൻ നിലനിൽക്കുന്നുണ്ടോ എന്ന് തിരിച്ചറിയാൻ ശാസ്ത്രജ്ഞർ പ്രധാനമായും ബയോസിഗ്‌നേച്ചറുകളെയാണ് ആശ്രയിക്കുന്നത്. ഇവയെ നാലായി തരംതിരിക്കാം.

രാസപരമായ അടയാളങ്ങൾ (കെമിക്കൽ ബയോസിഗ്‌നേച്ചർ) : ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ മീഥെയ്നും ഓക്സിജനും ഒരുമിച്ച് കാണപ്പെടുന്നത് ജീവന്റെ സൂചനയാണ്. സാധാരണഗതിയിൽ ഇവ രണ്ടും തമ്മിൽ പ്രവർത്തിച്ച് പരസ്പരം ഇല്ലാതാകാറുള്ളതാണ്. എന്നാൽ ഇവ ഒരേസമയം അവിടെ കാണപ്പെടുന്നുണ്ടെങ്കിൽ, അവ നിരന്തരമായി ഉത്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പിക്കാം. ഇങ്ങനെയുണ്ടാകുക ജീവന്റെ സാന്നിധ്യം മൂലമാകാം.


ഐസോടോപ്പ് പരിശോധന : പ്രകൃതിയിലെ മൂലകങ്ങളിൽ ഭാരം കുറഞ്ഞവയും കൂടിയവയുമുണ്ട്. ഭൂമിയിലെ ജീവജാലങ്ങൾ വളരാനായി കാർബൺ-12 പോലുള്ള ഭാരം കുറഞ്ഞ മൂലകങ്ങളെയാണ് കൂടുതലും ഉപയോഗിക്കുന്നത്. ചൊവ്വയിലെ പാറകളിൽ ഇത്തരം മൂലകങ്ങളുടെ പ്രത്യേക മാറ്റങ്ങൾ കണ്ടാൽ, അവിടെ പണ്ട് ജീവൻ ഉണ്ടായിരുന്നു എന്നതിന്റെ തെളിവായി അതിനെ കരുതാം.

മൈക്രോ ഫോസിലുകൾ : അതിപുരാതന കാലത്തെ ബാക്ടീരിയകൾ പാറകളിൽ പതിഞ്ഞുണ്ടാകുന്ന ചെറിയ അടയാളങ്ങളാണിവ. ഭൂമിയിലെ പാറകളിൽ കാണുന്ന പോലെ മറ്റ് ഗ്രഹങ്ങളിലും ഇത്തരം സൂക്ഷ്മ രൂപങ്ങൾ കണ്ടെത്താനായാൽ അത് അന്യഗ്രഹ ജീവന്റെ നേരിട്ടുള്ള തെളിവായി മാറും.


എക്‌സോപ്ലാനറ്റുകളിലെ അന്തരീക്ഷ അസന്തുലിതാവസ്ഥ: വിദൂര ഗ്രഹങ്ങളിലെ അന്തരീക്ഷം നിരീക്ഷിക്കാൻ ഇന്ന് ജെയിംസ് വെബ് ടെലിസ്‌കോപ്പ് പോലുള്ള സംവിധാനങ്ങളുണ്ട്. ഇവ ഉപയോഗിച്ച് ഗ്രഹങ്ങളിലെ ഓക്സിജൻ, കാർബൺ ഡൈ ഓക്‌സൈഡ്, നീരാവി എന്നിവയുടെ അളവ് പരിശോധിക്കാൻ കഴിയും. ഒരു ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഇത്തരം വാതകങ്ങൾ സ്വാഭാവികമല്ലാത്ത രീതിയിൽ കാണപ്പെടുന്നത് അവിടെ ജീവൻ നിലനിൽക്കുന്നു എന്നതിന്റെ വലിയൊരു അടയാളമാണ്.

അന്വേഷണം എവിടെയെല്ലാം?

നിലവിൽ ശാസ്ത്രലോകം ഉറ്റുനോക്കുന്ന പ്രധാനപ്പെട്ട ഗ്രഹങ്ങളാണ് ചൊവ്വ, വ്യാഴത്തിന്റെ ഉപഗ്രഹമായ യുറോപ്പ, ശനിയുടെ ഉപഗ്രഹം എൻസെലാഡസ് സൗരയൂഥത്തിന് പുറത്തുള്ള മറ്റ് എക്‌സോപ്ലാനറ്റുകൾ. അന്യഗ്രഹജീവൻ തേടിയുള്ള മനുഷ്യന്റെ യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ പരിശോധിച്ചാൽ കൗതുകമുണർത്തുന്ന ഒട്ടേറെ കണ്ടെത്തലുകൾ കാണാം. 1976ൽ നാസയുടെ വൈക്കിംഗ് ലാൻഡറുകൾ ചൊവ്വയിൽ നടത്തിയ പരീക്ഷണങ്ങളിൽ ജീവന്റെ സൂചനകൾ കണ്ടുവെങ്കിലും അവ വെറും രാസപ്രവർത്തനങ്ങളാണെന്ന് പിന്നീട് വിലയിരുത്തി.

1996ൽ ചൊവ്വയിൽ നിന്നുള്ള എഎൽഎച്ച് 84001 എന്ന ഉൽക്കയിൽ സൂക്ഷ്മമായ ഫോസിലുകൾ കണ്ടെത്തിയെന്ന പ്രഖ്യാപനം വലിയ ചർച്ചയായെങ്കിലും ശാസ്ത്രലോകം അത് സ്ഥിരീകരിച്ചില്ല. പിന്നീട് 2015ൽ ചൊവ്വയിൽ ദ്രവരൂപത്തിലുള്ള ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയതും, 2018ൽ ക്യൂരിയോസിറ്റി റോവർ ജീവന്റെ അടിസ്ഥാന ഘടകങ്ങളായ ഓർഗാനിക് തന്മാത്രകൾ കണ്ടെത്തിയതും പ്രതീക്ഷകൾ വർദ്ധിപ്പിച്ചു.

2020ൽ ശുക്രന്റെ അന്തരീക്ഷത്തിൽ ഫോസ്ഫിൻ വാതകം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും അത് ഇന്നും ഒരു തർക്കവിഷയമായി തുടരുന്നു. ഏറ്റവും ഒടുവിൽ 2023ൽ ശനിയുടെ ഉപഗ്രഹമായ എൻസെലാഡസിൽ ജീവന്റെ അവിഭാജ്യ ഘടകമായ ഫോസ്ഫറസ് കണ്ടെത്തിയത് അന്യഗ്രഹജീവികളെക്കുറിച്ചുള്ള അന്വേഷണത്തിന് കൂടുതൽ ശക്തികൂട്ടി.

അന്യഗ്രഹജീവൻ തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിൽ വരാനിരിക്കുന്ന വർഷങ്ങൾ നിർണായകമാകുമെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. 2030കളോടെ നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും ചേർന്ന് നടപ്പിലാക്കുന്ന ‘മാർസ് സാമ്പിൾ റിട്ടേൺ’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിലൂടെ ചൊവ്വയിലെ പാറകൾ ഭൂമിയിലെത്തിച്ച് പരിശോധിക്കുന്നത് ജീവന്റെ സാന്നിധ്യം ഉറപ്പിക്കുന്നതിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കും.

2024ൽ വിക്ഷേപിച്ച ‘യൂറോപ്പ ക്ലിപ്പർ’ വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയിലെ രഹസ്യ സമുദ്രങ്ങളെക്കുറിച്ച് പഠിക്കുമ്പോൾ, 2027-28 കാലയളവിൽ നാസ വിക്ഷേപിക്കുന്ന ‘ഡ്രാഗൺഫ്‌ളൈ’ ശനിയുടെ ഉപഗ്രഹമായ ടൈറ്റാനിലെ മീഥെയ്ൻ തടാകങ്ങളിൽ ജീവന്റെ അടയാളങ്ങൾ തിരയും. കൂടാതെ, 2030കളിൽ പ്രവർത്തനസജ്ജമാകുന്ന ‘ഹബിറ്റബിൾ വേൾഡ്സ് ഒബ്സർവേറ്ററി’ പോലുള്ള അത്യാധുനിക ടെലിസ്‌കോപ്പുകൾ വഴി ഭൂമിക്ക് സമാനമായ അന്യഗ്രഹങ്ങളെ നേരിട്ട് നിരീക്ഷിക്കാനും സാധിക്കുമെന്നത് ഈ തിരച്ചിലിന് പുതിയ വേഗത നൽകുന്നു.

അന്യഗ്രഹങ്ങളെക്കുറിച്ചുള്ള വൈജ്ഞാനിക തിരച്ചിൽ സൂക്ഷ്‌മ ജീവികൾക്ക് അപ്പുറം, ബുദ്ധിയുള്ള ജീവികളെ കണ്ടെത്താനുള്ള ശ്രമമാണ് അന്യഗ്രഹ നാഗരികതകൾക്കായുള്ള അന്വേഷണം. നക്ഷത്രങ്ങളിൽ നിന്നുള്ള റേഡിയോ സന്ദേശങ്ങളും ‘ഡൈസൺ സ്ഫിയറുകൾ’ പോലുള്ള നിർമ്മിതികളും ഇവർ തിരയുന്നു.

2024ലെ സർവ്വേ പ്രകാരം 86ശതമാനം ആസ്‌ട്രോബയോളജിസ്റ്റുകളും വിശ്വസിക്കുന്നത് അന്യഗ്രഹങ്ങളിൽ ലളിതമായ ജീവരൂപങ്ങൾ ഉണ്ടെന്നാണ്. 58 ശതമാനം പേർ ബുദ്ധിയുള്ള ജീവികളുണ്ടെന്നും വിശ്വസിക്കുന്നു. മനുഷ്യർ അന്യഗ്രഹ ജീവനുകളെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും, അതിനായി നിർമ്മിക്കപ്പെട്ട അത്യാധുനിക ഉപകരണങ്ങൾ ആദ്യമായി നമ്മുടെ കൈവശമുണ്ട്. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ മനുഷ്യർ പ്രപഞ്ചത്തിൽ ഒറ്റയ്ക്കണോഎന്ന ചോദ്യത്തിന് ഉത്തരമുണ്ടയേക്കാം.


Source link

Related Articles

Back to top button